ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിലെ ചുമതലകൾ അവസാനിപ്പിച്ച് എലോൺ മസ്‌ക്. ട്രംപ് ഭരണകൂടത്തിന്റെ കാര്യക്ഷമതാ വകുപ്പിൻറെ മേധാവി എന്ന സ്ഥാനത്ത് നിന്നാണ് എലോൺ മസ്‌ക് പടിയിറങ്ങുന്നത്. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനമാണ് മസ്‌ക് വഹിച്ചിരുന്നത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്‌ക് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്.
ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എൻറെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുമ്പോൾ, ചെലവുകൾ കുറയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡൻറിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് മിഷൻ കാലക്രമേണ ശക്തിപ്പെടും. അത് സർക്കാരിൻറെ രീതിയായി മാറും- എലോൺ മസ്‌ക് എക്സിൽ കുറിച്ചു.
ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ പടിയിറക്കം.ട്രംപിന്റെ നിയമനിർമ്മാണ നീക്കത്തിൽ താൻ നിരാശനാണെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.ബജറ്റ് കമ്മി വർധിപ്പിക്കുന്നതും സർക്കാരിന്റെ എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്‌ക് കുറ്റപ്പെടുത്തി.
പ്രസിഡന്റുമായി അടുപ്പമുള്ളയാളാണെങ്കിലും ഈ വിഷയത്തിൽ അദ്ദേഹവുമായി വിയോജിപ്പുള്ളതായി ഇലോൺ മസ്‌ക് മാധ്യമങ്ങളോട് പറഞ്ഞു. ബിൽ നിരാശാജനകമാണ്. പുതിയ ബിൽ അമേരിക്കൻ സർക്കാരിന്റെ സാമ്പത്തികഭാരം കുറയ്ക്കില്ല, പകരം ധനക്കമ്മി കൂട്ടും. ഒരു ബില്ല് വലുതാകാം അല്ലെങ്കിൽ മനോഹരമായിരിക്കാം. പക്ഷേ രണ്ടും കൂടിയാകുമോ എന്ന് എനിക്കറിയില്ലെന്നായിരുന്നു നേരത്തെ മസ്‌ക് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ് കഴിഞ്ഞ ആഴ്ചയാണ് പ്രതിനിധി സഭ പാസാക്കിയത്. 2017 ലെ നികുതി ഇളവുകളുടെ പത്ത് വർഷത്തെ വിപുലീകരണത്തിന് പണം നൽകുക, അതിർത്തി സുരക്ഷാ ചെലവുകൾ വർധിപ്പിക്കുക, ജോലി ആവശ്യകതകൾ നടപ്പിലാക്കുക, ശുദ്ധമായ ഊർജ്ജ നികുതി ക്രെഡിറ്റുകൾ പിൻവലിക്കുക എന്നിവയാണ് ഈ ബില്ലിലൂടെ ട്രംപ് ലക്ഷ്യം വെയ്ക്കുന്നത്.