ന്യൂയോര്‍ക്ക്: ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍. നിലവില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നായിരുന്നു ഭരണകൂട നിര്‍ദേശം. അല്ലാത്ത പക്ഷം അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദ് ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ട്രംപിന്റെ വിവാദ നടപടികള്‍ക്കെതിരെ കോടതി നിലപാട് വ്യക്തമാക്കി. വിദേശ വിദ്യാര്‍ത്ഥികളുടെ വീസ സ്റ്റാറ്റസ് നിര്‍ത്തലാക്കുന്നതും, അവരെ അറസ്റ്റ് ചെയ്ത് തടവില്‍ വെക്കുന്നതും ഫെഡറല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞു. യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജ് ജെഫ്റി വൈറ്റ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ട്രംപിന് തിരിച്ചടിയാണ്.
ഹാര്‍വഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി ഉണ്ടായത്. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. ഹാര്‍വഡിലെ 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യയില്‍ നിന്ന് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വ്വകലാശാലകളിലൊന്നാണ് ഹാര്‍വഡ്. കോടതിയുടെ സ്‌റ്റേ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും.
കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ ഹാര്‍വാഡ് സര്‍വ്വകലാശാലയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ത്തിയിരുന്നു. കോഴ്‌സ് പ്രവേശന നടപടികളില്‍ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്സിറ്റി തടഞ്ഞതോടെയായിരുന്നു ഈ പ്രതികാര നടപടി. തന്റെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കും വരെ 200 കോടി ഡോളര്‍ സഹായം നല്‍കില്ലെന്ന് ട്രംപ് വിശദമാക്കിയത്.
ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത് ചെയ്യുന്നതെന്ന് ഭരണകൂടം അറിയിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിക്കുകയും ചെയ്തു.
സ്റ്റൂഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയക്കണം, അമേരിക്കന്‍ മൂല്യങ്ങള്‍ പാലിക്കാത്ത വിദ്യാര്‍ഥികളെ കുറിച്ച് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യണം, ഡിഇഐ പരിപാടികള്‍ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ നിരസിച്ച ഹാര്‍വഡ് സര്‍വകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യന്‍ ഡോളറിന്റെ ഫെഡറല്‍ സഹായം നേരത്തെ യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു.
ഹാര്‍വഡ് സര്‍വകലാശാലയ്ക്കു നല്‍കുന്ന സഹായത്തില്‍ 100 കോടി ഡോളര്‍ കൂടി വെട്ടിക്കുറയ്ക്കാനും യുഎസ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഹാര്‍വഡ് അടക്കമുള്ള സര്‍വകലാശാലകളിലെ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളുടെ പേരിലും സര്‍ക്കാര്‍ ധനസഹായം തടഞ്ഞുവച്ചിരുന്നു. ഇതിനെതിരെ സര്‍വ്വകലാശാല നിയമയുദ്ധത്തിനൊരുങ്ങുമെന്നും സൂചനയുണ്ട്. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കോടതി നല്‍കിയ സ്‌റ്റേ സര്‍വ്വകലാശാലയും പ്രതീക്ഷയോടെയാണ് കാണുന്നത്.