മിനിയാപൊളിസ്: മിനിയാപൊളിസിലെ ഒരു കത്തോലിക്കാ സ്കൂളിൽ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. വെടിവെച്ചയാൾ സ്വയം വെടിവെച്ച് മരിച്ചതായി അധികൃതർ അറിയിച്ചു.
സ്കൂളിലെ ചാപ്പൽ ജനലുകളിലൂടെയാണ് അക്രമി കുട്ടികൾക്ക് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ട കുട്ടികൾക്ക് എട്ടും പത്തും വയസ്സാണ് പ്രായം. “നിഷ്കളങ്കരായ കുട്ടികൾക്കും ആരാധനയിൽ പങ്കെടുത്ത മറ്റ് ആളുകൾക്കും നേരെയുണ്ടായ മനഃപൂർവമായ ആക്രമണമാണിത്. കുട്ടികൾ നിറഞ്ഞ പള്ളിയിലേക്ക് വെടിയുതിർത്തത് തികഞ്ഞ ക്രൂരതയും ഭീരുത്വവുമാണ്,” മിനിയാപൊളിസ് പോലീസ് മേധാവി ബ്രയാൻ ഒ’ഹാര പറഞ്ഞു.
സംഭവം ആഭ്യന്തര ഭീകരപ്രവർത്തനവും കത്തോലിക്കർക്കെതിരായ വിദ്വേഷ കുറ്റകൃത്യവുമായി കണക്കാക്കി അന്വേഷിക്കുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. റോബിൻ വെസ്റ്റ്മാൻ എന്ന 23-കാരനാണ് അക്രമിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അക്രമിയുടെ അമ്മക്ക് നേരത്തെ ആനുൻസിയേഷൻ പള്ളിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
395 വിദ്യാർത്ഥികളുള്ള ആനുൻസിയേഷൻ കാത്തലിക് സ്കൂളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതിന്റെ രണ്ടാം ദിവസമാണ് സംഭവം. ചാപ്പലിന്റെ രണ്ട് വാതിലുകൾ പുറത്ത് നിന്ന് പലകകൾ വെച്ച് അടച്ചിരുന്നു. അക്രമിക്ക് റൈഫിൾ, ഷോട്ട്ഗൺ, പിസ്റ്റൾ എന്നിവയുണ്ടായിരുന്നതായും ഇയാൾക്ക് വലിയ ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റ 15 കുട്ടികളെയും രണ്ട് മുതിർന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ വർഷം മാത്രം യു.എസ്സിലെ പ്രാഥമിക, സെക്കൻഡറി സ്കൂളുകളിൽ 140-ലധികം വെടിവെപ്പുകൾ നടന്നതായി കെ-12 സ്കൂൾ ഷൂട്ടിംഗ് ഡാറ്റാബേസ് പറയുന്നു.
“ഇത് പ്രാർത്ഥനയുടെയും ചിന്തകളുടെയും മാത്രം പ്രശ്നമല്ല. ഈ കുട്ടികൾ അക്ഷരാർത്ഥത്തിൽ പ്രാർത്ഥനയിലായിരുന്നു. സ്കൂൾ തുറന്ന ആദ്യ ആഴ്ചയായിരുന്നു അത്. അവർ ഒരു പള്ളിയിലായിരുന്നു,” മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രെ പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിതിഗതികൾ വിലയിരുത്തി. യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. ഈ വെടിവെപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ നടന്ന മറ്റ് മൂന്ന് വെടിവെപ്പുകളുമായി ബന്ധപ്പെട്ടതല്ലെന്നും പോലീസ് മേധാവി അറിയിച്ചു.