ജറുസലേം : ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തിയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. കൊല്ലം സ്വദേശിയായ നിബിന്‍ മാക്‌സ്‌വെല്ലാണ് മരിച്ചത്. ഇടുക്കി സ്വദേശികളായ ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്‌ച (മാര്‍ച്ച് 4) രാവിലെ 11 മണിയോടെ മാര്‍ഗലിയോട്ടിലാണ് സംഭവം. ലെബനനില്‍ നിന്ന് തൊടുത്തുവിട്ട ടാങ്ക് വേധ മിസൈല്‍ ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തിയായ മാര്‍ഗലിയോട്ടിന് സമീപത്ത് പതിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് മലയാളികളും ചികിത്സയിലാണ്. സിവ് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റ ജോസഫ് ജോര്‍ജിനെ പേട്ട ടിക്വയിലെ ബെയ്‌ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. ജോര്‍ജ് സുഖംപ്രാപിച്ച് വരുന്നുണ്ടെന്നും അപകടനില തരണം ചെയ്‌തുവെന്നും കുടുംബവുമായി സംസാരിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.
മെല്‍വിന്‍റെ പരിക്ക് നിസാരമാണ്. സഫേദിലെ സിവ് ആശുപത്രിയില്‍ തന്നെയാണ് മെല്‍വിനും ചികിത്സയിലുള്ളത്. ആക്രമണത്തില്‍ വിദേശിയായ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. വിദേശികളായ മറ്റ് ഏഴ് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്‌റ്റര്‍ മാര്‍ഗം ബെയ്‌ലിൻസൺ, റാംബാം, സിവ് ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു.
ഗലീലി മേഖലയിലെ മൊഷവ് (കൂട്ടായ കാർഷിക സമൂഹം) എന്ന സ്ഥലത്താണ് മിസൈൽ പതിച്ചതെന്ന് രക്ഷാപ്രവർത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലെബനനിലെ ഷിയ ഹിസ്‌ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഒക്‌ടോബര്‍ 8 മുതല്‍ ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന് പിന്നാലെ നിരവധി തവണയാണ് ലെബനനില്‍ ആക്രമണങ്ങള്‍ ഉണ്ടായത്.
അടുത്തിടെ ഇസ്രയേലും ബിസ്‌ബുള്ളയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 10 പേര്‍ സൈനികരാണ്.