ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ വെടിയേറ്റുമരിച്ചു. ചിരാഗ് ആന്റിലിനെയാണ്(24) കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് വാന്‍കൂവറില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസ് കരുതുന്നത്.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ നേതാവ് വരുണ്‍ ചൗധരി ചിരാഗിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് ചിരാഗ് വാന്‍കൂവറിലെത്തിയത്. അടുത്തിടെ കാനഡയിലെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ പെര്‍മിറ്റും നേടിയിരുന്നു ചിരാഗ്.
കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ തങ്ങളുടെ മകൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും സഹായം അഭ്യർത്ഥിച്ചു. ചിരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.