ഇന്ത്യന്‍ വംശജരായ ദമ്പതിമാരേയും മകളേയും സംശയാസ്പദമായ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാര്‍ച്ച് ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പൊലിസിന്റെ നിഗമനം. 15 വര്‍ഷത്തോളമായി കാനഡയിലെ സ്ഥിരതാമസക്കാരാണ് കുടുംബം.
കത്തിനശിച്ച വീട്ടില്‍ തീ അണച്ചതിനുശേഷം പോലീസ് നടത്തിയ തിരച്ചിലാണ് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. അപകടത്തില്‍ മരിച്ചവരെ സംബന്ധിച്ച് ആ സമയത്ത് വ്യക്തത ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ചയാണ് മരിച്ചവരെ കുറിച്ച് കൃത്യമായൊരു നിഗമനത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നത്. എന്നാല്‍, വീട്ടില്‍ തീപിടിത്തമുണ്ടായതെങ്ങനെയാണെന്ന് വ്യക്തമല്ല. അഗ്‌നിബാധയെക്കുറിച്ച് അയല്‍വായികളാണ് പൊലിസില്‍ അറിയിച്ചത്.
തീപിടിത്തം യാദൃശ്ചികമായി ഉണ്ടായതല്ലെന്നാണ് പൊലിസിന്റെ നിഗമനം. എന്നാല്‍ സംശയാസ്പദമായി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സമീപവാസികളുടെ പ്രതികരണം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമോ വീഡിയോ ദൃശ്യങ്ങളോ നല്‍കാനുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.