ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ (LaGuardia Airport) ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ശക്തമായ കൂട്ടിയിടിയിൽ ഒരു വിമാനത്തിന്റെ ചിറകിന്റെ ഭാഗം വേർപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം രാത്രി 9:56 ഓടെ വിമാനത്താവളത്തിലെ ഒരു ഗേറ്റിന് സമീപം വെച്ചാണ് സംഭവം. ലാൻഡ് ചെയ്‌ത ശേഷം യാത്രക്കാരെ ഇറക്കുന്നതിനായി ഗേറ്റിലേക്ക് നീങ്ങുകയായിരുന്ന വിമാനത്തിലേക്ക്, പാർക്ക് ചെയ്യാൻ പോകുകയായിരുന്ന മറ്റൊരു ഡെൽറ്റ വിമാനം ഇടിച്ചു കയറിയെന്നാണ് പ്രാഥമിക വിവരം.
കൂട്ടിയിടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര വിഭാഗം ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തി. പരിക്കേറ്റ വ്യക്തിയുടെ നിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഗ്രൗണ്ട് കൂട്ടിയിടിയെക്കുറിച്ച് ഡെൽറ്റ എയർലൈൻസും പോർട്ട് അതോറിറ്റി ഓഫ് ന്യൂയോർക്ക് ആൻഡ് ന്യൂജേഴ്‌സിയും ചേർന്ന് വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു.

