ഡല്‍ഹി: കാനഡയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളോട് പഠനാനുമതി, വിസ, മാര്‍ക്ക്, ഹാജര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ(ഐ.ആര്‍.സി.സി.). വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഈ നീക്കം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഐ.ആര്‍.സി.സി. പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്.ഡി.എസ്. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ട് 2018-ല്‍ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്.
വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള കാനഡയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇമെയില്‍ വഴി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കാനഡ കുറച്ചുകൂടി കര്‍ശനമാക്കിയിട്ടുണ്ട്. കാനഡയുടെ പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.