തൻ്റെ നേതൃത്വത്തിനെതിരെ ഉയരുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിൽ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതൃ സ്ഥാനവും രാജിവെക്കുന്നതായി ജസ്റ്റിന്‍ ട്രൂഡോ. 10 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനുശേഷം 2015ലാണ് ട്രൂഡോ അധികാരത്തിലെത്തിയത്.
‘ശക്തവും രാജ്യവ്യാപകവുമായ മത്സര പ്രക്രിയയിലൂടെ പാർട്ടി അതിൻ്റെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിനുശേഷം, പ്രധാനമന്ത്രി എന്ന നിലയിൽ പാർട്ടി നേതാവ് സ്ഥാനം രാജിവെയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ഈ രാജ്യം ഒരു യഥാർഥ തിരഞ്ഞെടുപ്പിന് അർഹമാണ്, എനിക്ക് ആഭ്യന്തര യുദ്ധങ്ങൾ നേരിടേണ്ടി വന്നാൽ, ആ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച ഓപ്ഷനാകാൻ കഴിയില്ലെന്ന് എനിക്ക് വ്യക്തമായി’ ട്രൂഡോ പത്രസമ്മേളനത്തിൽ പറഞ്ഞു.
53 കാരനായ ട്രൂഡോ 2015 നവംബറിൽ അധികാരമേറ്റെടുക്കുകയും രണ്ട് തവണ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുകയും കാനഡയിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിമാരിൽ ഒരാളായി മാറുകയും ചെയ്തു. എന്നാൽ രണ്ട് വർഷം മുമ്പ് ഉയർന്ന വിലയിലും ഭവനക്ഷാമത്തിലുമുള്ള പൊതുജന രോഷത്തിനിടയിൽ അദ്ദേഹത്തിൻ്റെ ജനപ്രീതി കുറയാൻ തുടങ്ങി.
നേതാവ് ആരായാലും ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രതിപക്ഷമായ കൺസർവേറ്റീവുകളോട് ലിബറലുകൾ മോശമായി തോൽക്കുമെന്ന് സർവേകൾ കാണിക്കുന്നു. അതിനാൽ ട്രൂഡോയുടെ രാജി പാർട്ടിയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കും. അടുത്ത നാല് വർഷത്തേക്ക് അമേരിക്കയിലെ ട്രംപിൻ്റെ ഭരണത്തെ നേരിടാൻ കഴിയുന്ന ഒരു ഗവൺമെൻ്റിനെ സജ്ജമാക്കാൻ ട്രൂഡോയുടെ രാജി വഴിയൊരുക്കും. കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എൻഡിപി നേതാവ് ജഗ്മീത് സിംഗ് ട്രൂഡോയോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. സർക്കാരിനെ താഴെയിറക്കാൻ എൻഡിപി വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.