ചരിത്രനിമിഷത്തിലേക്ക് ശുഭാംശു, നാല് പതിറ്റാണ്ടിനിപ്പുറം ശൂന്യാകാശത്ത് ഇന്ത്യക്കാരൻ. ആക്സിയം -4 ദൗത്യം ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി. അതേസമയം, കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ശക്തമായ മഴയാണ് വിവിധ ജില്ലകളിൽ പെയ്‌തത്. വടക്കൻ ജില്ലകളിൽ തോരാമഴ വലിയ രീതിയിൽ ജനജീവിതത്തെ ബാധിക്കുകയും ചെയ്‌തു. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴിടത്ത് ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ടാവും. മത്സ്യത്തൊഴിലാളികളോട് കടലിൽ പോവരുതെന്ന നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ ഗവർണറുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദം വീണ്ടും വലിയ രീതിയിൽ ചർച്ചയാവുകയാണ്. കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ ചിത്രം വച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതോടെ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് എസ്എഫ്ഐയും കെഎസ്‌യുവും. ദേശീയ-അന്തർദേശീയ തലത്തിൽ വേറെയും സംഭവ വികാസങ്ങൾ നടക്കുന്നുണ്ട്. മറ്റ് പ്രധാനവാർത്തകൾ അറിയാം.