അമേരിക്കന്‍ കോടതി കൈക്കൂലി, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയതിന് പിറകെ ഗൗതം അദാനിയ്ക്ക് വീണ്ടും തിരിച്ചടി. ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള രണ്ട് കരാറുകള്‍ ആണ് കെനിയ റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണികളില്‍ നേരിട്ട തിരിച്ചടിയ്‌ക്കൊപ്പം ഇതുകൂടി വന്നതോടെ അദാനി ഗ്രൂപ്പ് വലിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
കെനിയയുടെ പ്രസിഡന്റ് വില്യം റൂട്ടോ ആണ് അദാനിയുമായി കരാറിനില്ലെന്ന് വ്യക്തമാക്കിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ അന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടേയും പങ്കാളി രാജ്യങ്ങലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അമേരിക്കന്‍ കോടതി നടപടിയെ അദ്ദേഹം പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ല. അമേരിക്കയുടെ പേരുപോലും പറയാതെ ആയിരുന്നു വിശദീകരണം.
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ പ്രധാന വിമാനത്താവളത്തിന്റെ നവീകരണത്തിനും നടത്തിപ്പിനും ആയുള്ള കരാറിന്റെ അവസാന ഘട്ടത്തിലായിരുന്നു അദാനി ഗ്രൂപ്പ്. വിമാനത്താവള നവീകരണത്തോടൊപ്പം പുതിയതായി ഒരു റണ്‍വേ കൂടി നിര്‍മിച്ചുനല്‍കും എന്നായിരുന്നു ധാരണ. ഇതിന് പകരമായി 30 വര്‍ഷത്തെ വിമാനത്താവള നടത്തിപ്പ് ചുമതലയായിരുന്നു അദാനി ഗ്രൂപ്പിന് ലഭിക്കേണ്ടിയിരുന്നത്.
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ കെനിയയില്‍ വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. എയര്‍പോര്‍ട്ട് ജീവനക്കാര്‍ പണിമുടക്കും നടത്തിയിരുന്നു. അദാനി ഗ്രൂപ്പ് നടത്തിപ്പ് ഏറ്റെടുത്താല്‍ ജോലി അന്തരീക്ഷം മോശമാകുമെന്നും പലര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കും എന്നും ആയിരുന്നു ജീവനക്കാര്‍ ഉന്നയിച്ചിരുന്ന ആശങ്ക. എന്തായാലും ജീവനക്കാരുടെ ആശങ്കയ്ക്ക് ഇതോടെ വിരാമമായിട്ടുണ്ട്.
കിഴക്കന്‍ ആഫ്രിക്കയുടെ ബിസിനസ് ഹബ്ബ് ആണ് കെനിയ. ഇവിടെ ഊര്‍ജ്ജ വിതരണ ലൈനുകളുടെ നിര്‍മാണത്തിനുള്ള കരാറും അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കരാറും റദ്ദാക്കുകയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു. ഈ കരാറിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കൈക്കൂലികളോ അഴിമതിയോ നടന്നിട്ടില്ലെന്ന് കെനിയയുടെ ഊര്‍ജ്ജമന്ത്രി ഒപിയോ വാന്‍ഡായി പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തു എന്നും അമേരിക്കന്‍ നിക്ഷേപകരെ പറ്റിയ്ക്കാന്‍ ശ്രമിച്ചു എന്നും ആണ് അദാനിയ്‌ക്കെതിരെ അമേരിക്കന്‍ കോടതിയുടെ കണ്ടെത്തല്‍. ഇതോടെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ ദിവസം 20 ശതമാനത്തോളം ഇടിവാണ് പല ഓഹരികളും നേരിട്ടത്. കെനിയന്‍ സര്‍ക്കാരിന്റെ തീരുമാനം വന്നതിന് പിറകേയും അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.