വ്യാജ ഇമെയിലുകളും വെബ്സൈറ്റുകളും എല്ലാം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഹാക്കിംഗ് ശ്രമങ്ങൾ വർധിപ്പിച്ചിരിക്കുകയാണെന്ന് ലോകമെമ്പാടുമുള്ള സൈബർ സുരക്ഷ വിദഗ്ധരും ഏജൻസികളും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ മൈക്രോസോഫ്റ്റിന്റെ പ്രവർത്തന തടസ്സം മുതലെടുക്കുവാൻ ഹാക്കർമാർ പരമാവധി ശ്രമിക്കുകയാണെന്ന് മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ക്രൗഡ്‌സ്‌ട്രൈക്കിന്റെ പ്രവർത്തന തടസ്സത്തിന് കാരണമായത് ഇത്തരത്തിലുള്ള ഹാക്കിംഗ് അല്ലെന്ന് വ്യക്തമാണെങ്കിലും, ഈ മോശമായ സാഹചര്യം മുതലെടുക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നത് ആശങ്കാജനകമാണ്.
ഔദ്യോഗികമെന്നു നടിക്കുന്ന വ്യാജ ഇമെയിലുകൾ, കോളുകൾ, വെബ്‌സൈറ്റുകൾ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുകെയിലെയും ഓസ്‌ട്രേലിയയിലെയും സൈബർ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർനെറ്റിൽ പ്രശ്നപരിഹാരങ്ങളും മറ്റും ഡൗൺലോഡ് ചെയ്യുമ്പോൾ ഉപഭോക്താക്കൾ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധികളുമായി സംസാരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ ശ്രമിക്കണമെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് തലവൻ ജോർജ്ജ് കുർട്‌സ് വ്യക്തമാക്കി. എതിരാളികളും ഹാക്കർമാരും ഈ അവസരത്തെ പരമാവധി മുതലെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ അതേ അഭിപ്രായമാണ് സൈബർ സുരക്ഷാ വിദഗ്ധനായ ട്രോയ് ഹണ്ടും പ്രകടിപ്പിച്ചത്.
ക്രൗഡ്‌സ്ട്രൈക്കിൽ നിന്നാണെന്ന് അവകാശപ്പെടുന്ന വ്യാജ സോഫ്‌റ്റ്‌വെയർ തിരുത്തലുകൾ അയക്കുന്ന ഹാക്കർമാരെ കുറിച്ചുള്ള മുന്നറിയിപ്പ് ഓസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് നൽകി കഴിഞ്ഞു. ഇതിനോടുള്ള പ്രതികരണമാണ് ക്രൗഡ്‌സ്ട്രൈക്ക് മേധാവി നടത്തിയത്. ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി കേന്ദ്രവും ഉപഭോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രൗഡ്‌സ്‌ട്രൈക്ക് അല്ലെങ്കിൽ മൈക്രോസോഫ്റ്റ് സഹായമെന്ന് വ്യക്തമാക്കുന്ന കോളുകളെ ആളുകൾക്ക് അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഐടി മാനേജർമാരാണ് കൂടുതൽ ശ്രദ്ധാലുക്കൾ ആകേണ്ടതെന്നും, എന്നാൽ വ്യക്തികളെയും ഇത് ബാധിക്കാം എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.