മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി. സഞ്ജുവും ഋഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഇതോടെ കെ.എൽ. രാഹുലിന് ടീമിൽ ഇടമില്ലാതായി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനായ സഞ്ജു വിക്കറ്റിനു മുന്നിലും പിന്നിലും മികവുറ്റ പ്രകടനങ്ങളാണ് തുടരുന്നത്. നിലവിൽ, സഞ്ജുവിനെ തന്നെയാണ് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ഡിആർഎസ് തീരുമാനങ്ങൾ എടുക്കുന്നതിലെ കൃത്യത കൂടി കണക്കിലെടുത്താണിത്.
അതേസമയം, ഫോമിലല്ലാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ടീമിലുണ്ട്.
രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും ഉൾപ്പെടുന്നു. ഓപ്പണറായി യശസ്വി ജയ്സ്വാളും എത്തി. മെട്രൊ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നതു പോലെ, മധ്യനിരയിൽ സൂര്യകുമാർ യാദവും, സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ടീമിലുണ്ട്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ് എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാർ. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവിനൊപ്പം യുസ്വേന്ദ്ര ചഹലിനെയും ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായി. ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനും എതിരായ പരമ്പരകളിൽ കളിപ്പിക്കാതിരുന്ന ചഹലിന്, ഐപിഎല്ലിലെ മികച്ച ഫോമാണ് തിരിച്ചുവരവിനു വഴി തുറന്നത്.
2022ൽ ഓസ്ട്രേലിയയിൽ നടത്തിയ ടി20 ലോകകപ്പിലെ സെമി ഫൈനൽ തോൽവിക്കു ശേഷം 2024 ജനുവരിയിൽ മാത്രമാണ് രോഹിതും കോലിയും അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരങ്ങൾക്കിറങ്ങുന്നത്. ലോകകപ്പിൽ രോഹിത് തന്നെയാകും ടീമിനെ നയിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഐപിഎല്ലിൽ ടോപ് സ്കോററായി തുടരുന്ന കോലി ഒഴിവാക്കാൻ കഴിയാത്ത വിധം മികച്ച ഫോമിലും.
രണ്ടു വെറ്ററൻ താരങ്ങളും രണ്ട് വിക്കറ്റ് കീപ്പർമാരും ടീമിലെത്തിയതോടെ ഫിനിഷറായിരുന്ന റിങ്കു സിങ്ങിനും ടോപ് ഓർഡർ ബാറ്ററായിരുന്ന ശുഭ്‌മൻ ഗില്ലിനുമാണ് ഇടം നഷ്ടമായത്. എന്നാൽ, ഇരുവരെയും റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കൊപ്പം പേസ് ബൗളർമാരായ ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവരും റിസർവ് ലിസ്റ്റിൽ.
ടീം ഇങ്ങനെ:
രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസർവ്: ശുഭ്‌മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ.