ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താന് ഞെട്ടിക്കുന്ന തോൽവി. ശക്തരായ പാകിസ്താനെ അഫ്ഗാനിസ്ഥാൻ 8 വിക്കറ്റിന് പരാജയപ്പെടുത്തി. 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ, ഇബ്രാഹിം സദ്രാൻ (87), റഹ്മത്ത് ഷാ (പുറത്താകാതെ 77), റഹ്മാനുള്ള ഗുർബാസ് (65), ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (പുറത്താകാതെ 48) എന്നിവരുടെ മികച്ച ഇന്നിംഗ്‌സുകളുടെ പിൻബലത്തിൽ ആറ് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.
നേരത്തെ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. ക്യാപ്റ്റൻ ബാബർ അസം 92 പന്തിൽ 74 റൺസെടുത്താണ് ടോപ് സ്കോറർ. ഓപ്പണർ അബ്ദുള്ള ഷഫീഖ് 58 റൺസെടുത്തപ്പോൾ ഷദാബ് ഖാനും ഇഫ്തിഖർ അഹമ്മദും 40 റൺസ് വീതം നേടി. അഫ്ഗാന് വേണ്ടി നൂർ അഹമ്മദ് മൂന്ന് വിക്കറ്റും നവീൻ-ഉൾ-ഹഖ് രണ്ട് വിക്കറ്റും നേടി. ഇബ്രാഹിം സദ്രാൻ ആണ് കളിയിലെ താരം.
നേരത്തെ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു അഫ്ഗാനിസ്ഥാൻ. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അഞ്ച് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും മൂന്ന് തോൽവിയുമാണ് ഉള്ളത്. ഏകദിനത്തിൽ പാകിസ്ഥാനുമായി 8 മത്സരങ്ങളിൽ ഏറ്റുമുട്ടിയ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.