2019 ലെ ലോകകപ്പ് സെമി ഫൈനലിൽ വീണ കണ്ണീരിന് കണക്കുതീർത്ത് ഇന്ത്യ. ന്യൂസിലൻഡിനെ 70 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ബാറ്റിംഗ് പിച്ചിൽ കീവീസ് ബാറ്റർമാരെ വിറപ്പിച്ച മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ സൂപ്പർ ഹീറോ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 റൺസിന് പുറത്തായി. 9.5 ഓവറില്‍ 57 റൺസ് വഴങ്ങിയാണ് ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് ഷമിയാണ് കളിയിലെ താരം.
വിക്കറ്റ് വേട്ടയില്‍ ഒന്നാമെത്താനും ഷമിക്ക് (23) സാധിച്ചു. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) ന്യൂസിലൻഡിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ നഷ്ടമായി. ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നാലാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണ്‍ (69) – മിച്ചല്‍ സഖ്യം 181 റണ്‍സ് കൂട്ടിചേര്‍ത്തു. വില്യംസണ്‍ സൂക്ഷ്മതയോടെ കളിച്ചെങ്കിലും പാതിവഴിയില്‍ വീണു. ഷമിയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. പിന്നാലെ എത്തിയ ടോം ലാഥമിന് (0) തിളങ്ങാനായില്ല. അതേ ഓവറില്‍ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഗ്ലെന്‍ ഫിലിപ്‌സ് (33 പന്തില്‍ 41) – മിച്ചല്‍ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോള്‍ ന്യൂസിലന്‍ഡിന് പ്രതീക്ഷയുണ്ടായിരുന്നു. ഇരുവരും 79 റണ്‍സ് കൂട്ടിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ബുമ്ര, ഫിലിപ്‌സിനെ പുറത്താക്കിയതോടെ കളിമാറി. അടുത്ത ഓവറില്‍ മാര്‍ക്ക് ചാപ്മാനെ (2) കുല്‍ദീപും തിരിച്ചയച്ചു. മിച്ചലിന്റെ പോരാട്ടം 46-ാം ഓവറില്‍ ഷമിയും അവസാനിപ്പിച്ചു. ഇതോടെ ഷമി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. പിന്നീട് ടിം സൗത്തി (9), ലോക്കി ഫെര്‍ഗൂസണ്‍ (6) എന്നിവരെ പുറത്താക്കി ഷമി ഏഴ് വിക്കറ്റ് പൂര്‍ത്തിയാക്കി. ഈ ലോകകപ്പില്‍ മൂന്നാം തവയാണ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലായി മത്സരം കൂടിയായിരുന്നിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് (49) കോലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സെന്ന റെക്കോര്‍ഡും സച്ചിനില്‍ (673) നിന്ന് കോലി തട്ടിയെടുത്തു. 711 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്.
2011 ശേഷമാണ് ഇന്ത്യ ഫൈനലിൽ എത്തുന്നത്. ഞായറാഴ്ച അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം. നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും.