താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നാല് സിക്സറുകളുടേയും ഒരു ഫോറിൻ്റേയും അകമ്പടിയോടെ 29 റൺസെടുത്ത വാർണറാണ് ആദ്യം പുറത്തായത്.
തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ പൂജ്യത്തിന് കഗീസോ റബാദ പുറത്താക്കിയതോടെ ഓസീസ് അപകടം മണത്തു. പിന്നീട് സ്റ്റീവ് സ്മിത്തുമായി ചേർന്ന് ഹെഡ്, സ്കോർ മുന്നോട്ടു കൊണ്ടു പോകവേ കേശവ് മഹാരാജ്, ട്രാവിസ് ഹെഡിനെ 62 (48) ക്ലീൻ ബൗൾഡാക്കി, സ്കോർ 100/3.
നിലയുറപ്പിച്ചെന്നു തോന്നിപ്പിച്ച മാർനസ് ലബുഷയ്നേയും, ഗ്ലെൻ മാക്സ് വെല്ലിനേയും പുറത്താക്കി ടബരീഷ് ഷംസി ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്കി. പിന്നീട് ജോഷ് ഇംഗ് ലിസിനെ കൂട്ടുപിടിച്ച് സ്റ്റീവ് സ്മിത്ത് ഓസീസിനെ വിജയത്തിലേക്കടുപ്പിച്ചെങ്കിലും ജെറാൾഡ് കോട്സെ, സ്മിത്തിനെ 30 (62) പുറത്താക്കിയതോടെ കളി ആവേശഭരിതമായി.
വിജയത്തിലേക്ക് 20 റൺസ് വേണ്ടിയിരിക്കെ കോട്സെ വീണ്ടും പ്രഹരമേല്പിച്ചു, ഇംഗ് ലിസ് പുറത്ത് 28 (49), സ്കോർ 193/7.
എന്നാൽ കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാതെ മിച്ചൽ സ്റ്റാർക്കും16, ക്യാപ്റ്റൻ പാറ്റ് കമ്മിൺസും (14) ചേർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു.
നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമയുടെ തീരുമാനം പിഴയ്ക്കുകയായിരുന്നു.
ഡേവിഡ് മില്ലറുടെ 101 (116) ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
സ്കോർ ബോർഡിൽ 1 റൺസുള്ളപ്പോൾ ക്യാപ്റ്റൻ ബാവുമ പൂജ്യത്തിന് പുറത്തായി. ഫോമിലുള്ള ക്വിൻ്റൻ ഡി കോക്കും 3 (14) പെട്ടെന്ന് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. വാൻ ഡെര്‍ ഡെസനും, ഏയ്ഡൻ മാർക്രവും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 24 ന് 4 എന്ന നിലയിലായി.
തുടർന്ന് ഒന്നിച്ച ഹെൻറിച്ച് ക്ലാസ്സനും, ഡേവിഡ് മില്ലറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 95 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
ക്ലാസ്സൻ 47 (48) പുറത്തായ ശേഷമെത്തിയ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 39 പന്തിൽ 19 റൺസെടുത്ത ജെറാൾഡ് കോട്സെ യ്ക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ച് നില്ക്കാനായത്.
വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് മില്ലർ, സ്കോർ 200 കടത്തിയത്. സെഞ്ച്വറി തികച്ചയുടനെ മില്ലർ പുറത്തായി.
ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്കും, പാറ്റ് കമ്മിൺസും മൂന്ന് വിക്കറ്റ് വീതവും ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് ഫൈനൽ നടക്കുക.