ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ഏപ്രിൽ 26-നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്. പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്. ഒറ്റ ഘട്ടമായിട്ട് നടക്കുന്ന കേരളത്തില്‍, തിരഞ്ഞെടുപ്പിന് ഇനി 40 ദിവസമാണുള്ളത്. ഫലമറിയാൻ 80 നാൾ കാത്തിരിക്കണം.
ഇത്തവണ ആകെ 96.88 കോടി വോട്ടര്‍മാരാണ് 2024 ല്‍ വോട്ടുചെയ്യുക. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 49.72 കോടിയാണ്. 47.15 കോടി സ്ത്രീവോട്ടര്‍മാരുമുണ്ട്. 48044 ട്രാന്‍സ്ജന്‍ഡേഴ്‌സ് വോട്ടര്‍മാരും 1.82 കോടി കന്നിവോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.
അരുണാചല്‍ പ്രദേശ്, ആന്തമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ദമാന്‍ ദിയു, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള, ലക്ഷദ്വീപ്, ലഡാക്ക്, മിസോറം, മേഘാലയ, നാഗാലന്‍ഡ്, പുതുച്ചേരി, സിക്കിം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖാണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബിജെപി നേടിയത്. എന്‍ഡിഎ മൊത്തം 353 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തി. എന്നാല്‍ ഇത്തവണ പ്രതിപക്ഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യം രൂപീകരിച്ച് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതുവരെ 250 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 82 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മുഴുവന്‍ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.