ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് (മങ്കി പോക്സ്) പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. അതി തീവ്രമായി കോംഗോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്,
ആഫ്രിക്കയിൽ ഇതുവരെ 517 പേരാണ് എം പോക്സ് ബാധിച്ച് മരിച്ചതെന്നാണ് കണക്കുകൾ. I7000 പേർക്ക് രോഗബാധയെന്ന് സംശയം. 13 രാജ്യങ്ങളിലാണ് ആകെ എം പോക്സ് റിപ്പോർട്ട് ചെയ്തത്. 60 ശതമാനം രോഗവർധനയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ സാഹചര്യങ്ങൾ അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ എം പോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.