ഓടിക്കൊണ്ടിരിക്കെ കാറിന്റെ ബ്രേക്ക് പെട്ടെന്ന് പോയാൽ നമ്മൾ എന്ത് ചെയ്യും? ഏതൊരാളും ഈ അവസരത്തിൽ പതറും. മിക്ക സമയത്തും വണ്ടി ഇടിച്ചു നിർത്തുക, ഹാൻഡ് ബ്രേക്ക് വലിക്കുക എന്നിവയാണ് പലരും ചെയ്യാറ്. എന്നാൽ ഇവ രണ്ടും അപകടകരമാണ്.
ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നത് വണ്ടി മറയാൻ ഇടയാക്കും. വേഗത്തിൽ പായുന്ന വാഹനം ഇടിച്ചു നിർത്തുന്നതും അപകടകരമാണ്. മാരകമായി പരിക്കേൽക്കാനോ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാനോ ഇതിടയാക്കിയേക്കാം. ഓടുന്ന വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടലും രക്ഷപ്പെടാനുള്ള വഴിയല്ല. പിന്നെ എന്ത് ചെയ്യും?
ഓടിക്കൊണ്ടിരിക്കെ ബ്രേക്ക് നഷ്ടപ്പെട്ടാൽ ആദ്യം വാഹനം ഏത് ഗിയറിലാണോ അതിൽനിന്ന് ഒന്നാമത്തെ ഗിയറിലേക്ക് വരുക എന്നതാണ് പ്രധാനം. അതുപോലെതന്നെ പാർക്കിംഗ് ലൈറ്റും ഓണാക്കണം. ഇത് നമ്മൾ വണ്ടി നിർത്താൻ പോവുകയാണെന്നോ അപകടത്തിൽ ആണെന്നോ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വഴിയാകും. പിന്നീട് ഹാൻഡ് ബ്രേക്ക് തുടരെത്തുടരെ പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഇത് വാഹനം പതുക്കെ ആകാൻ സഹായകമാകും. മെല്ലെ വാഹനം നിൽക്കുകയും ചെയ്യും.
ഡിജിറ്റൽ ഹാൻഡ് ബ്രേക്ക് ആണെങ്കിൽ ബട്ടൻ ഞെക്കി പിടിക്കുക എന്നതാണ് നിർത്താൻ ഉള്ള വഴി. ബട്ടൺ ലോങ്ങ് പ്രസ്സ് ചെയ്യുന്നതിലൂടെ സെൻസർ വാഹനം അപകടത്തിൽ ആണെന്ന് മനസ്സിലാക്കി താനേ നിൽക്കും.
ഇതിനെല്ലാം ഉപരി കൃത്യമായി വാഹനത്തിന്റെ ബ്രേക്ക് നിശ്ചിത ഇടവേളകളിൽ ചെക്ക് ചെയ്യുക എന്നത് തന്നെയാണ് ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള പ്രധാന വഴി. പ്രത്യേകിച്ചും മഴക്കാലത്ത്.