ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?.. എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
തേര്‍ഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിന്ന് നിര്‍ത്തലാക്കില്ല.
കഴിഞ്ഞ ദിവസമാണ് തീരുമാനത്തില്‍ നിന്ന് ക്രോം പിന്മാറിയത്. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്. ഇതോടെ തേര്‍ഡ് പാര്‍ട്ടി കുക്കീസ് ക്രോമില്‍ നിലനിര്‍ത്തും.
ഈ വര്‍ഷം ജനുവരിയിലായിരുന്നു കുക്കീസ് നിര്‍ത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത്. പരസ്യ ദാതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൂചന. ക്രോമില്‍ കുക്കീസിന് വിലക്കേര്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാകുമെന്നുള്ള ആശങ്ക പരസ്യദാതാക്കള്‍ അറിയിച്ചിരുന്നു.
പരസ്യവിതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതും ഈ സംവിധാനത്തിലൂടെയാണ്. ഗൂഗിളിന്റെ ഈ നീക്കം ഡിജിറ്റല്‍ പരസ്യ രംഗത്തെ മത്സരം തടസപ്പെടുത്തുമെന്ന ആശങ്കയില്‍ യുകെയുടെ കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റിയും സൂക്ഷ്മ പരിശോധ നടത്തിയിരുന്നു.കുക്കീസ് ഒഴിവാക്കുന്നതിന് പകരം ഉപഭോക്താക്കള്‍ക്കായി ക്രോമില്‍ പുതിയൊരു അനുഭവം അവതരിപ്പിക്കുന്നതിനായാണ് ഗൂഗിള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
വെബ് ബ്രൗസിങിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള അധികാരവും ലഭിക്കുമെന്നാണ് സൂചന. ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച ശേഷം വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഓണ്‍ലൈനില്‍ കാണുന്നതിന് കാരണം തേര്‍ഡ് പാര്‍ട്ടി കുക്കീസ് ആണ്. നിങ്ങള്‍ ഒരു സൈറ്റില്‍ എന്താണ് ചെയ്യുന്നത്, എവിടെയുള്ള ആളാണ്, ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഈ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനില്‍ മറ്റെങ്ങോട്ടാണ് നിങ്ങള്‍ പോവുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കുക്കീസിലുണ്ടാകും.
2019ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങ്ങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങള്‍ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. ‘ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്‌സ്’ എന്ന ‘ഫ്‌ളോക്ക്’ 2021 ല്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഫ്‌ളോക്ക് ഒഴിവാക്കി. തുടര്‍ന്നാണ് ആഡ് ടോപ്പിക്‌സ് എന്ന രീതിയും അവതരിപ്പിച്ചിരുന്നു.