സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സലേറ്ററിനെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ പുതിയ അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. നിരവധി ഭാഷകള്‍ ലഭ്യമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് പുതിയ 110 ഭാഷകള്‍ കൂടി എത്തിയിരിക്കുകയാണ്. ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്.
ഗൂഗിളിന്റെ ട്രാന്‍സ്ലേഷന്‍ ടൂളില്‍ ഇതുവരെ വന്നതില്‍ വച്ച് ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി. ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ 1000 ഭാഷകള്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയുടെ ഭാഗമായാണ് അപ്‌ഡേഷന്‍. 2022 ല്‍ 24 ഭാഷകള്‍ ഇതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തിരുന്നു. ഈ അപ്ഡേറ്റിലൂടെ, ആഗോള ജനസംഖ്യയുടെ ഏകദേശം 8 ശതമാനം ആളുകള്‍ സംസാരിക്കുന്ന ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ ലഭ്യമാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള പാം 2 എല്‍.എല്‍.എം വഴിയാണ് ഇത് സാധ്യമായത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാര്‍വാര്‍ മേഖലയില്‍ നിന്നുള്ള മാര്‍വാര്‍ ഭാഷ, ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത ഇന്ത്യന്‍ ഭാഷകള്‍.
പുതുതായി ചേര്‍ത്ത ഭാഷകളില്‍ നാലിലൊന്നും ആഫ്രിക്കയില്‍നിന്നുള്ളതാണ്. ഓരോ ഭാഷയിലേയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ശൈലികളാണ് ട്രാന്‍സ്ലേറ്ററില്‍ ചേര്‍ത്തിരിക്കുന്നത്.