സ്വകാര്യ ആശുപത്രിയില്‍ കോവിഡിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 71 വയസ്സായിരുന്നു
കടുത്ത ന്യൂമോണിയബാധയെ തുടര്‍ന്ന് ചൊവ്വാഴ്ച വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിരിക്കുകയായിരുന്നു. പിന്നീട് കോവിഡും സ്ഥിരീകരിക്കുകയായിരുന്നു.
1979 ല്‍ ഇരിക്കും ഇളമൈ എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറിയ അദ്ദേഹം പിന്നീട് 90 കളില്‍ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ന്നു. 2005 ല്‍ രാഷ്ട്രീയപാര്‍ട്ടിയുമായി എത്തിയ അദ്ദേഹം തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ഇരുന്നിട്ടുണ്ട്.
1980 കളിലും 90 കളിലും തമിഴ്‌സിനിമയില്‍ ആക്ഷന്‍ ഹീറോയായി വന്‍ പ്രശസ്തി നേടിയ താരം മൂര്‍പ്പോക്ക് ദ്രാവിഡ കഴകം പാര്‍ട്ടിയിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
നടനായി തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം വരെ നേടിയിട്ടുള്ള വിജയകാന്തിന്റെ പോലീസ് സിനിമകള്‍ തമിഴ്‌സിനിമ ഏറെ ആസ്വദിച്ചു. ശരത്കുമാര്‍ വില്ലനും വിജയകാന്ത് നായകനുമായുള്ള പുലന്‍വിചാരണയും ക്ഷത്രിയനും അദ്ദേഹത്തിന് ആക്ഷന്‍ ഹീറോയായി അനേകം ആരാധകരെ നേടിക്കൊടുത്തു.
1991 ല്‍ താരത്തിന്റെ നൂറാമത്തെ ചിത്രം ‘ക്യാപ്റ്റന്‍ പ്രഭാകര്‍’ വിജയകാന്തിന് തമിഴകത്തെ സൂപ്പര്‍താരത്തിലേക്ക് പ്രവേശനം നല്‍കി. തമിഴ് സിനിമ അതിന് ശേഷം ‘ക്യാപ്റ്റന്‍’ എന്നുവിളിച്ച് ബഹുമാനിച്ചു. 2005 ലാണ് ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം എന്ന പാര്‍ട്ടിയുമായി തമിഴ്‌രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 2006 ലും 2011 ലും നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറി എംഎല്‍എ ആയി.