ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.
2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ മൂന്നാമതാണ് താരം.
2012 എഎഫ്‌സി ചലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്. നെഹ്റുകപ്പില്‍ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാന്‍ ഛേത്രിക്കായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ബെംഗളൂരു എഫ്.സി.യെ കിരീടനേട്ടത്തിലേക്ക് നയിച്ചു.
രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ക്ലബ്ബുകള്‍ക്കായി കളിച്ചു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് കന്‍സാസ് സിറ്റിക്കും പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ റിസര്‍വ് ടീമിനും കളിച്ചു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ജെ.സി.ടി, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി ടീമുകള്‍ക്കായും ബൂട്ടുകെട്ടി.
2011-ല്‍ അര്‍ജുന പുരസ്‌കാരവും 2019-ല്‍ പദ്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
എ.എഫ്.സി. ചാലഞ്ച് കപ്പ് (2008), സാഫ് കപ്പ് (2011, 2015), നെഹ്‌റു കപ്പ് (2007, 2009, 2012) നേട്ടങ്ങളില്‍ പങ്കാളി.
ഇന്ത്യയ്ക്കായി കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ചതിന്റെയും ഗോളുകള്‍ നേടിയതിന്റെയും റെക്കോഡ് ഛേത്രിയുടെ പേരിലാണ്. 2019-ല്‍ കിങ്‌സ് കപ്പില്‍ കുറാസാവോക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് 107 മത്സരമെന്ന ബൈച്ചുങ് ബൂട്ടിയയുടെ റെക്കോഡ് ഛേത്രി മറികടന്നത്.