സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. ക്യാച്ചെടുക്കുന്നതിനിടെ വീണാണ് താരത്തിന് പരിക്കേറ്റത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം, ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശ്രേയസിനെ അടിയന്തരമായി ഐസിയുവിലേക്ക് മാറ്റിയത്.
രക്തസ്രാവം കാരണം അണുബാധ ഒഴിവാക്കാൻ, കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും താരം നിരീക്ഷണത്തിൽ തുടരും. ആന്തരിക രക്തസ്രാവം കാരണം, ശ്രേയസിന്റെ കായികരംഗത്തേക്കുള്ള തിരിച്ചുവരവിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ സമയബന്ധിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കിയതായും റിപ്പോർട്ടുണ്ട്.

