ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദയാത്രാ സംഘത്തിന്റെ കാർ കൊക്കയിലേക്കു മറിഞ്ഞ് നാലു മലയാളികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു. ഉച്ചയ്ക്കു രണ്ടിനാണ് സോനാമാർഗിലേക്കു പോകുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.
പാലക്കാട് സ്വദേശികളായ സുദേഷ്(32), അനിൽ(34), രാഹുൽ(28), വിഘ്നേഷ്(23) എന്നിവരാണു മരിച്ച മലയാളികൾ. വാഹനത്തിന്റെ ഡ്രൈവർ കശ്മീർ സ്വദേശി ഐജാസ് അഹമ്മദാണ് മരിച്ച അഞ്ചാമൻ. നെടുങ്ങോട് സ്വദേശികളായ രാജേഷ്, അരുൺ, മനോജ് എന്നിവരാണു പരിക്കേറ്റ മലയാളികൾ. ഡ്രൈവര്‍ അടക്കം എട്ടു പേർ വാഹനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞമാസം മുപ്പതിനാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.
ശ്രീനഗർ- ലേ ദേശീയ പാതയിലെ ഗണ്ഡേർബാൽ ജില്ലയിലാണു സോജില ചുരം. റോഡിൽ നിറഞ്ഞുകിടന്ന മഞ്ഞിൽ തെന്നിയാണു വാഹനം മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവരെ ഉടൻ സോനാമാർഗിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് സൗര എസ്കെഐഎം ആശുപത്രിയിലേക്കു മാറ്റി.