പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞത് അറിയാതെ യാത്ര ചെയ്യാന്‍ വിമാനത്താവളത്തില്‍ എത്തിയ നിരവധി പേരുടെ യാത്ര മുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ഏറെയുണ്ട്. കുടുംബമായി നാട്ടിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തുമ്പോഴാണ് കുട്ടിയുടെയും മറ്റും പാസ്പോര്‍ട്ട് കാലാവധി അവസാനിച്ചതായി ഇവര്‍ അറിയുന്നത്. വേനല്‍ അവധിക്കാല സീസണില്‍ വന്‍ തുക നല്‍കി വിമാന ടിക്കറ്റ് എടുത്തവരാണ് യാത്ര മുടങ്ങി പെരുവഴിയിലാവുന്നത്. ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോഴാണ് പലരും പാസ്പോര്‍ട്ട് കാലഹരണപ്പെട്ട വിവരം തന്നെ അറിയുന്നത്.
വിമാനം പുറപ്പെടുന്നതിന് ഏതാനും സമയം മുന്നേ മാത്രം ഇതറിയുന്നതോടെ യാത്ര മുടക്കുകയല്ലാതെ നിര്‍വാഹമില്ലാതെയാവുകയാണ്. വന്‍ സാമ്പത്തിക നഷ്ടമാണ് ഇത്തരക്കാര്‍ക്കുണ്ടാവുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച ഏതാനും ആളുകള്‍ ഇക്കാര്യം സിറാജിനോട് പങ്കുവച്ചു. മുതിര്‍ന്നവരുടെ പാസ്പോര്‍ട്ട് പല ആവശ്യങ്ങള്‍ക്കും ഇടയ്ക്കിടെ ഉപയോഗിക്കുന്നതിനാല്‍ കാലാവധി സംബന്ധമായി ഓര്‍മയുണ്ടാവും. എന്നാല്‍ കുടുംബിനികളുടേതും കുട്ടികളുടേതും ആ രീതിയില്‍ കൂടുതല്‍ ഉപയോഗിക്കാത്തതിനാല്‍ കാലാവധി സംബന്ധമായും ശ്രദ്ധയുണ്ടാവില്ല. ഒരു യാത്ര കഴിഞ്ഞ് വന്ന് പിന്നീട് തിരിച്ചുപോകാന്‍ മാത്രം പാസ്പോര്‍ട്ട് എടുക്കുന്നവരുമുണ്ട്. ഇതിനിടയില്‍ കാലാവധി കഴിഞ്ഞത് പലരും അറിയാതെ പോകുകയാണ്.
എസ് എം എസ്, മെയില്‍ നോട്ടിഫിക്കേഷന്‍ വേണം
പാസ്പോര്‍ട്ട് പോലുള്ള സുപ്രധാന രേഖകളുടെ കാലാവധി തീരുന്നത് ഉടമയെ അറിയിക്കാന്‍ വിദേശത്തും സംവിധാനങ്ങള്‍ ഉണ്ടാവണമെന്ന് ഈ പശ്ചാത്തലത്തില്‍ ആവശ്യമുയര്‍ന്നു. വിവരങ്ങള്‍ അറിയിക്കാനും ഓര്‍മപ്പെടുത്താനും ആധുനിക സംവിധാനങ്ങള്‍ ഏറെയുള്ള ഈ സമയത്ത് അത്തരമൊരു സൗകര്യമൊരുക്കാന്‍ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് അവര്‍ ഇന്ത്യന്‍ അധികാരികളോട് ചോദിക്കുന്നത്. എസ് എം എസ്, ഇ-മെയില്‍ പോലുള്ള ചിലവ് കുറഞ്ഞ രീതികള്‍ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനാവശ്യമായ വിവരങ്ങള്‍ പാര്‍പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും അധികാരികള്‍ ശേഖരിക്കുന്നുണ്ട്.
ഇന്ത്യന്‍ നമ്പറുകളില്‍ സന്ദേശം അയക്കുന്ന സംവിധാനം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയിരുന്നു. എന്നാല്‍ വിദേശ നമ്പറുകളിലോ മെയിലിലോ അവ ലഭിക്കുന്നില്ല. ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ വിദേശങ്ങളില്‍ വലിയ നിരക്കാണ് ഈടാക്കുന്നത്. ഇന്ത്യയില്‍ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഈടാക്കുന്നതിന്റെ അഞ്ച് ഇരട്ടിയോളം തുകയാണ് വിദേശത്ത് പുതുക്കാനായി നല്‍കേണ്ടി വരുന്നത്. ഈ തുകയില്‍ നിന്നൊരു ചെറിയ വിഹിതമുപയോഗിച്ചാല്‍ എസ് എം എസ് അയക്കാനാവില്ലേ എന്നാണ് പ്രവാസികള്‍ ചോദിക്കുന്നത്.