വിമാനത്തിൽ മനുഷ്യക്കടത്തിന് ശ്രമമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് 303 ഇന്ത്യൻ യാത്രക്കാരുമായി യു.എ.ഇയിൽ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു. യാത്രക്കാരിൽ രണ്ടുപേർ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
റൊമേനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ എ340 ചാർട്ടേഡ് വിമാനം ഇന്ധനം നിറക്കാനായി ഇറക്കിയപ്പോഴായിരുന്നു തടഞ്ഞുവെച്ചത്. ഇന്ത്യൻ അധികൃതരും സ്ഥലത്തെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പാരീസിൽ നിന്ന് 160 കി.മി അകലെയുള്ള വത്രി വിമാനത്താവളത്തിലാണ് വിമാനം പിടിച്ചിട്ടത്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ തങ്ങാനുള്ള സൗകര്യം എംബസി അധികൃതർ ഒരുക്കിയിട്ടുണ്ട്.