ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ അയർലൻഡ് മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം – New circular about OCI card worries Irish Malayalis: Allegation of excessive restrictions
വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്.
ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ നടത്താന്‍ സാധിക്കുന്ന വിവിധ വിഷയങ്ങളില്‍ നിയന്ത്രണം വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം, നാഷണല്‍ പാര്‍ക്കുകള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ സ്മാരകങ്ങള്‍, ചരിത്രസ്ഥലങ്ങള്‍, മ്യുസിയം എന്നിവ സന്ദര്‍ശിക്കുന്നതിനുള്ള ഫീസും അതുപോലെ രാജ്യത്തിനകത്തെ വിമാന യാത്രാക്കൂലിയും ഇന്ത്യന്‍ പൗരന്മാരുടേതിന് തുല്യമാക്കിയിട്ടുണ്ട്
ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്കും. ഇന്ത്യയില്‍ സ്ഥലമോ കെട്ടിടമോ വാങ്ങണമെങ്കില്‍ ഒ സി ഐ കാര്‍ഡ് ഉടമകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിയിരിക്കണം. അതേസമയം, വിദേശ ഇന്ത്യാക്കാര്‍ക്ക് കൃഷിയിടങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്ക് തുടരും. ഒ സി ഐ കാര്‍ഡ് ഉടമകള്‍ മിഷനറി പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, പര്‍വ്വതാരോഹണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി വാങ്ങിയിരിക്കണം.
ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ദത്തെടുക്കുന്നതിലും ഇനി മുതല്‍ ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. വിദേശ ഇന്ത്യാക്കാര്‍ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കിലും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം.
അതുപോലെ ഇന്ത്യയില്‍ താമസിക്കുന്ന ഒ സി ഐ കാര്‍ഡ് ഉടമകള്‍, അവരുടെ മേല്‍വിലാസം മാറുമ്പോഴോ, ജോലി മാറുമ്പോഴോ അക്കാര്യം ഫോറിന്‍ റീജ്യണല്‍ റെജിസ്‌ട്രേഷന്‍ ഓഫീസറേയോ, ഫോറിനേഴ്‌സ് റെജിസ്‌ട്രേഷന്‍ ഓഫീസറെയോ അക്കാര്യം ഇ മെയില്‍ മുഖാന്തിരം അറിയിച്ചിരിക്കണം.