ഷെങ്കന്‍ വിസ നിയമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യൻ യൂണിയൻ, ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പേരിലുള്ള പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
യൂറോപ്യന്മാരല്ലാത്ത ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടെ ഹ്രസ്വകാലത്തേക്ക് താമസിക്കാനും അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ. സാധാരണയായി, ഈ വിസയുടെ സാധുത പ്രവേശന തീയതി മുതൽ ആരംഭിച്ച് പരമാവധി 90 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. അതേ സമയം, ഈ വിസ വിദേശത്ത് ജോലി ചെയ്യാൻ അനുമതി നൽകുന്നില്ല. ഇതിന് പുറമേയാണ് ദീർഘകാല സാധുതയുള്ള കാസ്കേഡ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ-യാത്ര മേഖലകളിലുണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ് വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ സഹായകരമാകും.
അമേരിക്കയിലേക്കും യു.കെയിലേക്കും ദീര്‍ഘകാല വിസകള്‍ ലഭ്യമാവുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസയ്ക്ക് ചെറിയ കാലാവധിയായിരുന്നു ഉണ്ടായിരുന്നത്. കുറഞ്ഞ കാലാവധിയും സങ്കീര്‍ണമായ നടപടിക്രമങ്ങളുമായിരുന്നു ഷെങ്കന്‍ വിസയുടെ പരിമിതികള്‍. സ്ഥിരമായി യൂറോപ്യന്‍ യാത്ര നടത്തിയിരുന്ന സഞ്ചാരികള്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടായിരുന്നു അനുഭവിച്ചിരുന്നത്. ഒരുപാട് പണവും സമയവും ഇതിനായി ചിലവഴിക്കേണ്ട സാഹചര്യമായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ പുതുതായി ഏര്‍പ്പെടുത്തിയ ‘കാസ്‌കേഡ്’ സംവിധാനം അനുസരിച്ച് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആദ്യം രണ്ട് വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകളാണ് ലഭിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് സാധാരണ ഷെങ്കന്‍ വിസകള്‍ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തവര്‍ക്ക് മാത്രമാണ് ഈ വിസ ലഭിക്കുക. ഈ വിസയുടെ കാലാവധി പൂര്‍ത്തിയായാല്‍, പാസ്‌പോര്‍ട്ടിന് വാലിഡിറ്റിയുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തെ വിസയായിരിക്കും തുടര്‍ന്ന് ലഭിക്കുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ വിസയുള്ളവര്‍ക്കും ലഭിക്കും.
ഷെങ്കൻ വിസ ഏരിയയിൽ 25 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും 4 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയും ഉൾപ്പെടുന്നു .പാസ്‌പോർട്ടിന്റെ കാലാവധി തുടർന്നും അവശേഷിക്കുന്നുണ്ടെങ്കിൽ, രണ്ട് വർഷത്തെ വിസയ്ക്ക് ശേഷം സാധാരണയായി അഞ്ച് വർഷത്തെ വിസ അനുവദിക്കുമെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. ഈ വിസ ഉള്ളവർക്ക് ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ള 37-ലധികം രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം.