പാന്‍കാര്‍ഡിനെ വിവിധ സര്‍ക്കാര്‍ ഏജന്‍സി പ്ലാറ്റ്‌ഫോമുകളില്‍ പൊതു തിരിച്ചറിയല്‍രേഖയാക്കി ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താന്‍ PAN 2.0 പദ്ധതി വരുന്നു. നികുതിദായകരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ സാങ്കേതികവിദ്യയിലധിഷ്ഠിതമാക്കുന്ന ആദായനികുതിവകുപ്പിന്റെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
ആദായനികുതി വകുപ്പ് നൽകുന്ന പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പുതിയ ഫീച്ചറുകളോടെ അപ്ഗ്രേഡ് ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ‘PAN 2.0’ എന്ന പേരിലുള്ള പുതിയ കാർഡ് ബിസിനസ് സംരംഭങ്ങൾക്കുള്ള ‘പൊതു തിരിച്ചറിയൽ കാർഡ്’ എന്ന സങ്കൽപത്തിലാണ് പുറത്തിറങ്ങുക. ഉപയോക്താക്കൾക്ക് നിലവിലുള്ള പത്തക്ക നമ്പർ മാറാതെതന്നെ സൗജന്യമായി ‘പാൻ 2.0’ലേക്ക് മാറാനാകും. ഓൺലൈനായി ഇത് ചെയ്യാനാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്.
1,435 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാനിനായി ഒരു ഏകീകൃത പോര്‍ട്ടല്‍ വരും. പരാതിപരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പോര്‍ട്ടലിലെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമായിരിക്കും.
നിലവിൽ 78 കോടി കാർഡുടമകളാണുള്ളത്. ഇതിൽ 90 ശതമാനത്തിൽ പരം ഉപയോക്താക്കളും തങ്ങളുടെ ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഡ് അപ്ഗ്രേഡ് ചെയ്യുന്നതിലൂടെ സൈബർ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കും. ക്യൂ ആർ കോഡ് സഹിതമായിരിക്കും പുതിയ കാർഡ്. ആദായനികുതി സംബന്ധിച്ച ഇടപാടുകൾ എളുപ്പമാക്കാൻ ഇതുവഴി സാധിക്കും.
നിലവില്‍ പാന്‍ ഉള്ളവര്‍ക്ക് ക്യു.ആര്‍. കോഡ് ഉള്‍പ്പെടുത്തി പുതിയ പാന്‍കാര്‍ഡ് സൗജന്യമായി ലഭ്യമാക്കും. പദ്ധതി നടപ്പാകുന്നതോടെ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വര്‍ധിക്കും. രജിസ്‌ട്രേഷനുള്‍പ്പെടെ നടപടികള്‍ ഡിജിറ്റലാക്കുന്നതോടെ കൂടുതല്‍ ലളിതമാകും.
വിവിധ സംവിധാനങ്ങളില്‍ ഏകീകൃത സ്രോതസ്സില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാക്കും. വ്യക്തിയുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സമ്പൂർണ സാമ്പത്തിക ഇടപാട് വിവരങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനും സാധിക്കും. ബാങ്കിങ് സേവനങ്ങൾ, നികുതി ഇടപാടുകൾ തുടങ്ങിയവക്കെല്ലാം പാൻ അനിവാര്യമാണ്. ആദായനികുതിയിലെ സ്രോതസ്സിൽനിന്നുള്ള നികുതി (ടി.ഡി.എസ്), വിൽപന ഇടപാടിൽനിന്നുള്ള നികുതി (ടി.സി.എസ്), മറ്റ് നികുതി ഇടപാടുകൾ എന്നിവ ഒറ്റക്കുടക്കീഴിൽ കേന്ദ്രീകരിക്കാൻ നികുതിവകുപ്പിന് പാൻ വിവരങ്ങളിലൂടെ കഴിയും. വിവരങ്ങളുടെ സ്ഥിരതയ്‌ക്കൊപ്പം നടപടിക്രമങ്ങള്‍ പരിസ്ഥിതിസൗഹൃദമാക്കാനും ചെലവുചുരുക്കാനും പദ്ധതി ലക്ഷ്യംവെക്കുന്നുണ്ട്. നിലവിലുള്ള പാന്‍/ടാന്‍ 1.0 പദ്ധതിയുടെ തുടര്‍ച്ചയാണ് പാന്‍ 2.0 എത്തുന്നത്. പാന്‍ വിവരങ്ങളുടെ ഡിജിറ്റല്‍സുരക്ഷ ശക്തമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്
ഓൺലൈനായി ‘പാൻ 2.0’ ലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രിയും ആദായനികുതി വകുപ്പും പറഞ്ഞുവെങ്കിലും അതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.