ന്യൂഡൽഹി: കനേഡിയൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായ നടപടിയിലേക്ക് നീങ്ങിയത്.
ആക്ടിംഗ് ഹൈക്കമ്മീഷണർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ എന്നിവരുൾപ്പെടെ 6 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്. ഇവരോട് ശനിയാഴ്ച രാത്രി 12 മണിക്ക് മൗൻപ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. നേരത്തെ ഭാരതത്തിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
ഇതിനൊപ്പം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കിയിട്ടുണ്ട്.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയ്‌ക്ക് ഖാലിസ്ഥാൻ വിഘടനവാദി നിജ്ജാർ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ കാനഡ പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളായത്. തുടർന്ന് വസ്തുതയില്ലാത്ത ആരോപണങ്ങളുന്നയിച്ച കാനഡയ്‌ക്ക് അതിരൂക്ഷമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിരുന്നു. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ച കനേഡിയൻ സർക്കാരിന്റെ ശ്രമത്തെ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. ഒപ്പം ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സ്റ്റുവര്‍ട്ട് വീലറെ വിളിച്ചുവരുത്തി പ്രതിഷേധവും അറിയിച്ചിരുന്നു.
ആക്ടിംഗ് ഹൈക്കമ്മീഷണറായ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചിപ്ക, പൗല ഒർജുവേല, എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.