ന്യൂഡെൽഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് നേട്ടം. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം സിഇഒ പിവിആർ സുബ്രഹ്‌മണ്യൻ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ച് രാജ്യം ജപ്പാനെ മറികടന്നുവെന്ന് അദ്ദേഹം വ്യക്‌തമാക്കി.
യുഎസ്, ചൈന, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ. കഴിഞ്ഞവർഷംവരെ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായിരുന്നു. നാലാം സ്‌ഥാനത്തായിരുന്നു ജപ്പാൻ. ഐഎംഎഫിന്റെ പുതിയ കണക്കുപ്രകാരം ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷം കോടി യുഎസ് ഡോളറാണ്. ജപ്പാന്റേത് 4.186 ലക്ഷം കോടി ഡോളറും.
ഇരുരാജ്യങ്ങളും തമ്മിൽ നേരിയ വ്യത്യാസമാണുള്ളത്. ചൈനയുടേത് 19.23 ലക്ഷംകോടി ഡോളറാണ്. ഒന്നാം സ്‌ഥാനത്തുള്ള യുഎസിന്റേത് 30.51 ലക്ഷംകോടി ഡോളറും. ഐഎംഎഫ് കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച വേൾഡ് ഇക്കണോമിക് ഔട്ട്ലോക് റിപ്പോർട്ടിൽ 2025-26 സാമ്പത്തികവർഷം ഇന്ത്യ 6.2% വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആഗോളവളർച്ച 2.5% മാത്രമാണ് പ്രതീക്ഷിക്കുന്നത്.