റഷ്യന്‍ യുദ്ധമുഖത്ത് വീണ്ടും ഇന്ത്യന്‍ ജീവന്‍ പൊലിഞ്ഞു; യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു
ന്യൂഡൽഹി : റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനായ ഹൈദരാബാദ് സ്വദേശി യുദ്ധമുഖത്ത് കൊല്ലപ്പെട്ടതായി റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഹൈദരാബാദ് ഓൾഡ് സിറ്റി സ്വദേശിയായ മുഹമ്മദ് അസ്ഫാൻ റഷ്യൻ സർക്കാർ ഓഫീസില്‍ ഹെൽപ്പറായി ജോലി വാഗ്‌ദനം ചെയ്‌ത് കബളിപ്പിച്ച് യുദ്ധത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു. (Indian who duped into joining Russia’s war with Ukraine killed on the frontlines confirmed by India Embassy in Russia)
‘ഇന്ത്യൻ വംശജനായ ശ്രീ മുഹമ്മദ് അസ്‌ഫാന്‍റെ ദാരുണമായ മരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. കുടുംബവുമായും റഷ്യൻ അധികൃതരുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ്’ റഷ്യയിലെ ഇന്ത്യൻ എംബസി എക്‌സിൽ പോസ്റ്റ് ചെയ്‌തു.
നേരത്തെ, റഷ്യൻ സൈന്യത്തില്‍ സപ്പോർട്ട് ജോലികൾക്കായി ഇന്ത്യൻ പൗരന്മാര്‍ കാരാര്‍ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ യുക്രൈനില്‍ നടക്കുന്ന സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. അവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസി റഷ്യൻ അധികാരികളോട് സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്ഷ്വാൾ പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.
ഏജന്‍റുമാരാൽ വഞ്ചിക്കപ്പെട്ട് റഷ്യയ്‌ക്ക് വേണ്ടി യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട നിരവധി യുവാക്കളിൽ ഒരാളായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് സുഫിയാന്‍റെ കുടുംബം, റഷ്യയിൽ കുടുങ്ങിയ യുവാക്കളെ നാട്ടിലെത്തിക്കണമെന്നും ഏജന്‍റുമാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കേന്ദ്ര സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയും റഷ്യൻ സർക്കാരുമായി സംസാരിച്ച് യുവാക്കളെ തിരികെ കൊണ്ടുവരാനുള്ള നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ദുബായ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള ബാബ ബ്ലോക്ക്‌സ് എന്ന കമ്പനിയാണ് തന്‍റെ സഹോദരനെ കൊണ്ടുപോയതെന്ന് സുഫിയാന്‍റെ സഹോദരൻ ഇമ്രാൻ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു. ആദ്യ ബാച്ച് 2023 നവംബർ 12-ന് ആണ് പുറപ്പെട്ടത്. ആകെ 21 യുവാക്കളെ അയച്ചു. ഓരോരുത്തരിൽ നിന്നും 3 ലക്ഷം രൂപ വീതം വാങ്ങിയതായും ഇമ്രാന്‍ വെളിപ്പെടുത്തി. നവംബർ 13 ന് റഷ്യയിൽ വെച്ച് യുവാക്കളെ ഒരു കരാറിൽ ഒപ്പുവെപ്പിച്ചതായും സഹോദരന്‍ പറഞ്ഞു.
സൈനിക സഹായികളായി ജോലി ലഭിക്കുമെന്നാണ് ഏജന്‍റുമാര്‍ യുവാക്കളോട് പറഞ്ഞത്.എന്നാല്‍, അവരെ സൈന്യത്തിലേക്ക് ഡ്രാഫ്റ്റ് ചെയ്യുകയും യുക്രൈന്‍ അതിർത്തിയിൽ വിന്യസിക്കുകയും ചെയ്തു. അവർക്ക് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, യുവാക്കളെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് ഇമ്രാന്‍ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുകയായിരുന്നു.