ന്യൂഡൽഹി: ദുരന്തങ്ങൾ വിട്ടൊഴിയാതെ എയർ ഇന്ത്യാ വിമാനങ്ങൾ. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത ശേഷം എയർ ഇന്ത്യ വിമാനത്തിൻ്റെ ഓക്‌സിലറി പവർ യൂണിറ്റിൽ തീപിടിത്തം. ആളപായമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലൈ 22 ചൊവ്വാഴ്‌ച ഹോങ്കാങ്ങിൽ നിന്ന് ഡൽഹിയിലേയ്ക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ഫ്ലൈറ്റ് AI 315 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്.
ലാൻഡിങ്ങിന് ശേഷം യാത്രക്കാർ ഇറങ്ങാനിരിക്കെയാണ് തീപിടിത്തമുണ്ടായതെന്ന് എയർലൈൻ വക്താവ് പറഞ്ഞു. വിമാനത്തിന് ചില തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും വക്താവ് അറിയിച്ചു. തുടർ അന്വേഷണങ്ങൾക്കായി ഹോങ്കോങ്ങിലേയ്ക്കുളള എയർ ഇന്ത്യ വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ജൂൺ 12നുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടം രാജ്യത്തെ നടുക്കിയിരുന്നു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഒരു കനേഡിയനും 7 പോർച്ചുഗീസുകാരും ഉൾപ്പെടെ 241 പേർ അപകടത്തിൽ മരിച്ചിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് മാത്രമാണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തില്‍ ആകെ 260 പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്.
പിന്നാലെ വിവിധ വിമാനങ്ങള്‍ക്ക് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2025 ജൂൺ 29 ന് ഹനേഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്‍റെ ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനാൽ മുൻകരുതൽ നടപടിയായി കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടിരുന്നു.
ജൂൺ 23 ന് എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം-ഡല്‍ഹി AI 2455 വിമാന സര്‍വീസ് ലാൻഡിങ്ങിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ റദ്ദാക്കിയിരുന്നു. എയർ ഇന്ത്യ വിമാനം AI2454 ലാണ് ലാന്‍ഡിങ് സമയത്ത് പക്ഷി ഇടിച്ചത്. എഞ്ചിനിയറിങ് പരിശോധനകള്‍ക്ക് ആവശ്യമായ സാഹചര്യം മുന്നില്‍ കണ്ടാണ് വിമാനം റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നു.
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സുരക്ഷാ പിഴവുകളാൽ യാത്ര റദ്ദാക്കിയിരുന്നു. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നടത്തിയ സുരക്ഷ പരിശോധനക്ക് പിന്നാലെയായിരുന്നുവിത്.