ന്യൂഡൽഹി — ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ 2023-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഏറ്റുവാങ്ങി. ഈ പുരസ്‌കാരം താൻ മലയാള സിനിമാ വ്യവസായത്തിന് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം. ഡൽഹിയിൽ നടന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് രാഷ്ട്രപതിയിൽ നിന്നാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
‘എല്ലാറ്റിനും അതിൻ്റേതായ സമയമുണ്ട് ദാസാ’ എന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പുരസ്‌കാരം ലഭിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്നും, ജൂറിയോടും ഇന്ത്യൻ സർക്കാരിനോടും കടപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 48 വർഷത്തെ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണിതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ നിന്ന് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് മോഹൻലാൽ. 2004-ൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിനു മുൻപ് പുരസ്‌കാരം നേടിയ മലയാളി. മോഹൻലാലിന്റെ ഈ നേട്ടം മലയാള സിനിമയുടെ അഭിമാന നിമിഷമാണെന്ന് ചലച്ചിത്രലോകം ഒന്നടങ്കം അഭിപ്രായപ്പെട്ടു. കമൽ ഹാസൻ, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിന് അഭിനന്ദനങ്ങൾ അറിയിച്ചു.
പുരസ്‌കാര ചടങ്ങിനായി ഡൽഹിയിലേക്ക് തിരിച്ച മോഹൻലാൽ, ചൊവ്വാഴ്ചയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സുവർണ്ണ കമലവും, ഷാളും, 10 ലക്ഷം രൂപയും അടങ്ങുന്നതാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. നടൻ എന്നതിലുപരി, നിർമ്മാതാവ്, ഗായകൻ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകിയത്.
മോഹൻലാലിന്റെ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് പുരസ്‌കാര പ്രഖ്യാപന വേളയിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം എക്‌സിൽ കുറിച്ചിരുന്നു. ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മറ്റ് താരങ്ങളായ വിജരാഘവൻ, ഉർവ്വശി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലിന്റെ അടുത്ത ചിത്രം, ‘ദൃശ്യം 3’ ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

