ഒട്ടാവ – സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിയ 47,000-ത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളിൽ കാണാനില്ലെന്ന് റിപ്പോർട്ട്. വിസാ നിബന്ധനകൾ ലംഘിച്ച് ഇവർ രാജ്യത്ത് അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. സുരക്ഷിതമായ അന്തരീക്ഷം, പഠനാനന്തര ജോലി സാധ്യതകൾ, തൊഴിൽ അവകാശങ്ങൾ എന്നിവ കാനഡയെ കൂടുതൽ ആകർഷകമാക്കുന്നു. അടുത്തിടെ നടന്ന അപ്ലൈബോർഡ് സർവേ പ്രകാരം 94% ഇന്ത്യൻ വിദ്യാർത്ഥികളും ഇപ്പോഴും കാനഡയെയാണ് പ്രധാന തിരഞ്ഞെടുപ്പായി കണക്കാക്കുന്നത്.
എന്നാൽ, വിസ ചട്ടങ്ങൾ പാലിക്കാത്തതിനെക്കുറിച്ച് നാഷണൽ പോസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടതോടെ ആശങ്ക വർധിച്ചു. കാനഡയിലെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ (IRCC) വകുപ്പ് കാനഡ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിക്ക് മുമ്പാകെ ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തി.
നിയമപരമായി ക്ലാസുകളിൽ പങ്കെടുക്കേണ്ട 47,175 വിദേശ വിദ്യാർത്ഥികൾ വിസാ നിബന്ധനകൾ ലംഘിച്ചതിനാൽ രാജ്യത്ത് തുടരാൻ യോഗ്യതയില്ലാത്തവരായി കണക്കാക്കുന്നു. 2024 ന്റെ തുടക്കത്തിൽ സ്റ്റുഡന്റ് വിസയിൽ രാജ്യത്തെത്തിയ 47,715 വിദേശ പൗരന്മാരെ അവരുടെ സ്ഥാപനങ്ങൾ “പ്രവേശനം ലഭിച്ചിട്ടില്ല” (Not Enrolled) എന്ന് പ്രഖ്യാപിച്ചു. അതായത്, ഇവർ സർവകലാശാലകളിലോ കോളേജുകളിലോ എത്തിച്ചേർന്നിട്ടില്ല.
വിസാ നിബന്ധനകൾ ലംഘിച്ച ഈ വിദ്യാർത്ഥികളുടെ ലിസ്റ്റിൽ ഭൂരിപക്ഷവും ഇന്ത്യൻ, ചൈനീസ് വിദ്യാർത്ഥികളാണ്. 19,582 ഇന്ത്യൻ വിദ്യാർത്ഥികളും 4,279 ചൈനീസ് വിദ്യാർത്ഥികളും ഈ കണക്കിലുണ്ട്.

