ഇന്ത്യൻ ജയം 302 റൺസിന്, മുഹമ്മദ് ഷമിക്ക് അഞ്ച് വിക്കറ്റ്.
സ്കോർ ഇന്ത്യ 357/8 (50). ശ്രീലങ്ക 55 (19.4).
ഇന്ത്യ ഉയർത്തിയ 358 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനെത്തിയ ലങ്കയെ ആദ്യ ബോളിൽത്തന്നെ ബുംമ്ര ഞെട്ടിച്ചു, ഫോമിലുള്ള പാത്തും നിസങ്ക പുറത്ത്.
അടുത്ത ഓവർ എറിയാനെത്തിയ മുഹമ്മദ് സിറാജ് ഏഷ്യാ കപ്പ് ഫൈനലിലെ പ്രകടനത്തിൻ്റെ ഞെട്ടലിൽ നിന്ന് ശ്രീലങ്കയെ മുക്തരാക്കിയില്ല. ദിമുത് കരുണരത്നയെ ആദ്യ ബോളിൽ തന്നെ പുറത്താക്കി.
കുശാൽ മെൻഡിസിനേയും, സമരവിക്രമയേയും പുറത്താക്കി സിറാജ് നിറഞ്ഞാടിയപ്പോൾ ലങ്കയുടെ നില മൂന്ന് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി.
പിന്നീട് മുഹമ്മദ് ഷമിയുടെ ഊഴം. തട്ടിമുട്ടി നിന്ന ചരിത് അസലങ്കയേയും, ദുസൻ ഹേമന്തയും തൊട്ടടുത്ത പന്തുകളിൽ പുറത്തായതോടെ ലങ്ക പടുകുഴിയിലായി, സ്കോർ 14/6.
ശ്രീലങ്കൻ ഇന്നിംഗ്സിൽ പാത്തും നിസങ്ക, ദിമുത് കരുണരത്ന, ദുസൻ ഹേമന്ത, ദുശ്മന്ത ചമീര എന്നിവർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. ടീമിലെ ഏഴ് പേർക്കും രണ്ടക്കം തികയ്ക്കാനുമായില്ല.
17 പന്തിൽ 14 റൺസെടുത്ത കസൂൺ രജിതയാണ് ടോപ്പ് സ്കോറർ. എയ്ഞ്ചലോ മാത്യൂസ് (12), മഹീഷ തീക്ഷണ 14 എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് ഓവറിൽ 18 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഷമി തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ചും.
മുഹമ്മദ് സിറാജ് ഏഴ് ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ബുംമ്ര, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ 4 ൽ നില്ക്കേ ഫോമിലുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയെ 4 (2) നഷ്ടപ്പെട്ടു.
എന്നാൽ ശുഭ്മാൻ ഗില്ലും, വിരാട് കോലിയും ചേർന്നുള്ള സഖ്യം അടുത്ത വിക്കറ്റില്‍ 189 റൺസ് കൂട്ടിച്ചേർത്തു. ഗിൽ 92 (92) നും, കോലി 88 (94) നും പുറത്തായി.
തുടർന്ന് വന്ന ശ്രേയസ് അയ്യരാണ് സ്കോർ 300 കടത്തിയത്. 45 ഓവറിൽ ഇന്ത്യ 300 ൽ എത്തി. ടീം സ്കോർ 336 ൽ നില്ക്കേ ശ്രേയസ് അയ്യർ പുറത്തായത് റൺ കുതിപ്പിന് കടിഞ്ഞാണിട്ടു. 56 പന്തിൽ മൂന്ന് ഫോറുകളുടേയും, ആറ് സ്ക്സുകളുടേയും സഹിതം 82 റൺസാണ് അയ്യർ അടിച്ചു കൂട്ടിയത്.
കെ എൽ രാഹുൽ 21 (12), സൂര്യകുമാർ യാദവ് 12 (9) എന്നിവർക്ക് തിളങ്ങാനായില്ല.
അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്കോർ 350 കടന്നു. ഇന്നിംഗ്സിലെ അവസാന പന്തിൽ ജഡേജ റണ്ണൗട്ടായി 35 ( 24 ).
ശീലങ്കയ്ക്കായി ദിൽഷൻ മധുശങ്ക 80 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.
തോൽവിയോടെ ശ്രീലങ്കയുടെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.