ഇന്ത്യന്‍ പാസ്പോർട്ട് ഉടമകള്‍ക്കായി വമ്പന്‍ ഓഫർ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. യു എ ഇയിലേക്കുള്ള പ്രീ അപ്രൂവുഡ് വീസ ഓൺ അറൈവൽ സൗകര്യമാണ് എമിറേറ്റ്സിന്റെ പ്രഖ്യാപനം. ഫെബ്രുവരി ഒന്നുമുതല്‍ ഈ സൗകര്യം നിലവില്‍ വരും. അതേസമയം ഇന്ത്യന്‍ പാസ്പോർട്ട് ഉടമകളായ എല്ലാവർക്കും ഈ ഓഫർ ലഭിക്കില്ല എന്നതും ശ്രദ്ധേയമാണ്. അതിന് ചില കടമ്പകളും കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ട്.
ദുബായ് വിസ പ്രോസസ്സിംഗ് സെൻ്റർ (ഡി വി പി സി) പൂർത്തീകരിച്ച് 14 ദിവസത്തെ സിംഗിൾ എൻട്രി വിസയായി ഇഷ്യൂ ചെയ്തിരിക്കുന്ന ഈ പുതിയ സംരംഭം എമിറേറ്റ്‌സ് ഉപഭോക്താക്കളെ ദുബായിൽ എത്തുമ്പോൾ ക്യൂ ഒഴിവാക്കി കസ്റ്റംസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നു. ജി ഡി ആർ എഫ് എയുടെ സമ്പൂർണ വിവേചനാധികാരത്തിലാണ് വീസ അനുവദിക്കുന്നതെന്നും എമിറേറ്റ് വ്യക്തമാക്കി.
സാധുതയുള്ള ആറ് മാസത്തെ യു എസ്, യു എസ് ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യു.കെ. റസിഡൻസി ഉള്ള ഇന്ത്യൻ പാസ്പോർട് ഉടമകൾക്കാണ് സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. എമിറേറ്റസ് വിമാനത്തിലെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പ്രീ അപ്രൂവുഡ് വീസ ഓൺ അറൈവലിനായി അപേക്ഷിക്കാം. ഇതിനുള്ള സൌകര്യം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിനോദ കേന്ദ്രങ്ങളിലേക്ക് സൗജന്യ പാസ് നല്‍കുന്ന പദ്ധതിയും എമിറേറ്റ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്ക് എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാസുകളാണ് കമ്പനി സൗജന്യമായി നല്‍കുന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ മാര്‍ച്ച് 31 ന് മുമ്പ് യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അറ്റ്ലാന്‍റിസ് അക്വാവെഞ്ച്വര്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സൗജന്യ പാസ് ലഭിക്കും.
എട്ടു മണിക്കൂറില്‍ കൂടുതല്‍ ദുബൈയില്‍ സ്റ്റോപ്പ് ഓവറുള്ള യാത്രക്കാര്‍ക്കും ഈ സൗജന്യം ഉപയോഗിക്കാം. ഫെബ്രുവരി ഒന്ന് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കായിരുന്നു ഈ ഓഫര്‍. ഈ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം. അതേസമയം, വണ്‍-വേ ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല. ഓഫർ ലഭിക്കാനായി എമിറേറ്റ്സിന്‍റെ emirates.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ EKDXB24 എന്ന കോഡ് ഉപയോഗിക്കണം.