നിങ്ങളുടെ പ്രിയപ്പെട്ടവർ യുഎഇയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ, ഇതാ ഒരു സന്തോഷവാർത്ത: വിനോദസഞ്ചാരികൾക്ക് ഫാമിലി ഗ്രൂപ്പ് വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇനി മുതൽ ഈ വിസ ഓപ്ഷനിൽ കുട്ടികൾക്ക് ഫീസ് നൽകേണ്ടതില്ല.
യുഎഇ ഫാമിലി വിസിറ്റ് വിസ 30 അല്ലെങ്കിൽ 60 ദിവസത്തെ താമസത്തിന് ലഭ്യമാണ്, അത് രാജ്യത്തിനുള്ളിൽ നീട്ടുകയും ചെയ്യാം.
സ്കീമിന് കീഴിൽ, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി വിസ അനുവദിക്കും. അതേസമയം അവരുടെ മാതാപിതാക്കൾക്ക് സാധാരണ നിരക്കുകൾ ബാധകമാണ്.
നിരവധി സന്ദർശകർ ഈ എൻട്രി പെർമിറ്റ് തിരഞ്ഞെടുക്കുന്നുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
ഒരു രക്ഷിതാവിനൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് സൗജന്യ വിസ ബാധകമാണ്. ഇത് 30-ഓ 60-ഓ ദിവസത്തെ താമസത്തിന് ലഭ്യമാണ്. ഇത് രാജ്യത്തിനകത്ത് നീട്ടാവുന്നതുമാണ്.
എന്നിരുന്നാലും യുഎഇ ഫാമിലി വിസിറ്റ് വിസ പുതിയ ഒരു സ്കീം അല്ല. ഇത് രണ്ട് വർഷം മുമ്പ് അവതരിപ്പിച്ചിരുന്നതാണ്. അതിനുശേഷം ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഇടയിൽ ഇത് ഒരു ജനപ്രിയ ഓപ്ഷനാണ്.
ട്രാവൽ ഏജൻസിയെ ആശ്രയിച്ച് രക്ഷിതാക്കൾക്കുള്ള വിസ ഫീസ്, കുട്ടികൾക്കുള്ള സർവീസ് ചാർജ് എന്നിവയിൽ വ്യത്യാസമുണ്ടാകാം. രക്ഷിതാവിന് 30 ദിവസത്തെ വിസ 350 ദിർഹം മുതൽ 500 ദിർഹം വരെയാണ് ചാർജ്. ഒരു കുട്ടിക്കുള്ള സേവന നിരക്കും ഇൻഷുറൻസും 80 ദിർഹം മുതൽ 120 ദിർഹം വരെയുമാണ്. 60 ദിവസത്തെ വിസയ്ക്ക് 500 ദിർഹം മുതൽ 650 ദിർഹം വരെ ചിലവാകും. ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവന നിരക്ക് 130 ദിർഹം മുതൽ 170 ദിർഹം വരെ വ്യത്യാസപ്പെടാം.
രാജ്യത്തിന് പുറത്ത് പോകാതെ തന്നെ ഫാമിലി വിസ നീട്ടാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു, എന്നിരുന്നാലും, കുട്ടികൾക്കായി മുഴുവൻ വിസ ഫീസും നൽകണം. രാജ്യത്തിനുള്ളിലെ എക്സ്റ്റൻഷൻ കുട്ടികൾക്ക് സൗജന്യമല്ല. എങ്കിലും സന്ദർശകർക്ക് രാജ്യത്തിന് പുറത്ത് പോകാതെ തന്നെ ഫാമിലി വിസ 120 ദിവസം വരെ നീട്ടാം.