ദുബായ്∙ അയർലൻഡിന്‍റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള പിടികിട്ടാപ്പുള്ളികളിൽ ഒരാളെ യുഎഇയിൽ അറസ്റ്റ് ചെയ്തതായി ഇന്‍റർപോൾ അറിയിച്ചു. ദുബായ് പൊലീസാണ് പ്രതിയെ പിടികൂടിയത്. സംഘടിത ക്രൈം ഗ്രൂപ്പമായ കിനഹാനിലെ ഉന്നത അംഗമായ സീൻ മക്ഗവർണിനെ (38) യാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഐറിഷ് അധികൃതരുടെയും യുഎഇയുടെയും സംയുക്ത ശ്രമങ്ങളാണ് പ്രതിയെ പിടികൂടുന്നത് സഹായിച്ചതെന്ന് ഇന്‍റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക് പറഞ്ഞു. ഇതുപോലുള്ള കേസുകൾ ഇന്‍റർപോളിന്‍റെ ആഗോള ശൃംഖല വഴിയുള്ള അന്വേഷണം പ്രതികളെ പിടികൂടാൻ സഹായിക്കുന്നു. നിയമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കത്തെ തകർക്കാനും രാജ്യാന്തര സഹകരണം നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലപാതകം, സംഘടിത ക്രൈം ഗ്രൂപ്പിനെ നയിക്കൽ എന്നീ കുറ്റങ്ങൾ നേരിടുന്ന മക്ഗവർണിനെ കൈമാറൽ നടപടികൾ പുരോഗമിക്കുയാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് പ്രാദേശിക അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.