വായ്പ വാങ്ങിയ പണം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട് കൊള്ളയടിച്ച കേസിൽ മൂന്ന് ഏഷ്യൻ വംശജർക്ക് ദുബായ് ക്രിമിനൽ കോടതി ആറുമാസം തടവും നാടുകടത്തലും 8,000 ദിർഹം പിഴയും വിധിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പേർ ചേർന്ന് ഒരു യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി ഒരു അറബ് പൗരൻ പൊലീസിൽ റിപ്പോർട്ട് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ വാഹനത്തിന്‍റെ നമ്പർ ഇദ്ദേഹം പൊലീസിന് കൈമാറിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കുകയും അക്രമത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിയുകയും ചെയ്തു. വാഹന ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോൾ കുറ്റകൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു അദ്ദേഹം മൊഴി നൽകിയത്. സംഭവ ദിവസം പ്രതികളിലൊരാളായ തന്‍റെ സുഹൃത്ത് അത്യാവശ്യത്തിനാണെന്ന് പറഞ്ഞ് വാഹനം കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇതേക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു എന്നും അറിയിച്ചു. പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു.
പ്രതികളിലൊരാളിൽ നിന്ന് 10,000 ദിർഹം കടം വാങ്ങിയെന്നും എന്നാൽ മുഴുവൻ തുകയും തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് തുക എങ്ങനെ തിരികെ നൽകാമെന്നതിനെക്കുറിച്ച് സംസാരിക്കാൻ സംഭവ ദിവസം പ്രതി തന്‍റെ താമസ സ്ഥലത്തിന് സമീപം എത്തുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാൽ പ്രതിയും മറ്റ് രണ്ട് പേരും ചേർന്ന് തന്നെ ആക്രമിച്ച് 8,000 ദിർഹം കൊള്ളയടിച്ചതായും ഇദ്ദേഹം പൊലീസിൽ മൊഴി നൽകിയിരുന്നു. കുറ്റകൃത്യം തെളിഞ്ഞതിനെ തുടർന്നായിരുന്നു പ്രതികളെ ശിക്ഷിച്ചത്.