സൗദിയിലെ അസീറിൽ ഫിലിപൈനി നഴ്സിനെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ച സിറിയൻ ഡോക്ടർക്ക് അപ്പീൽ കോടതി അഞ്ച് വർഷം തടവും മാധ്യമങ്ങളിലൂടെ ശിക്ഷാ വിധി സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കലും ശിക്ഷയായി വിധിച്ചു.
നേരത്തെ പ്രസ്തുത കേസിൽ കീഴ്ക്കോടതി പ്രതിക്ക് ഒരു വർഷം തടവും 5000 റിയാൽ പിഴയും ശിക്ഷയായി വിധിച്ചിരുന്നു.
എന്നാൽ പ്രസ്തുത ശിക്ഷാ വിധിക്കെതിരെ പ്രതി അപ്പീൽ കോടതിയിൽ പോകുകയും കോടതി ശിക്ഷാ വിധി പുന: പരിശോധിക്കുകയും ചെയ്യുകയുമായിരുന്നു. വിധി പുന: പരിശോധനയിൽ നേരത്തെ കീഴ്ക്കോടതി നൽകിയ ശിക്ഷ മൃദുവാണെന്ന് കണ്ടെത്തിയ അപ്പീൽ കോടതി പീഡന നിരോധന നിയമത്തിലെ ആർട്ടിക്കിൾ ആറ് പ്രകാരം, കുറ്റക്കാരനായ ഡോക്ടറെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
അസീറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറോടൊപ്പം ജോലി ചെയ്തിരുന്ന ഫിലിപ്പിനോ നഴ്‌സ്, ഡോക്ടർ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് ആശുപത്രി അഡ്മിനിസ്ട്രേഷന് പരാതി നൽകുകയായിരുന്നു.
താൻ തമാശക്ക് ചെയ്തതാണെന്ന് പറഞ്ഞ് ഡോക്ടർ തനിക്കയച്ച വാട്സ് ആപ് സന്ദേശവും ഫിലിപൈനി നഴ്സ് തെളിവായി സമർപ്പിച്ചിരുന്നു.
ഡോക്ടർ തന്നെ സ്പർശിക്കുന്നത് ഇതാദ്യമായല്ലെന്നും നേരത്തെ തന്നെ വാക്കാൽ ശല്യം ചെയ്തിരുന്നതായും ഒരു സായാഹ്നം അയാളുടെ വീട്ടിൽ ചിലവഴിച്ഛാൽ 1000 റിയാൽ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും നഴ്സ് തന്റെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
സർക്കാർ മേഖലയിലെയും സ്വകാര്യമേഖലയിലെയും ബന്ധപ്പെട്ട അധികാരികൾ തൊഴിൽ അന്തരീക്ഷത്തിന്റെ ചട്ടക്കൂടിനുള്ളിൽ പീഡനം തടയുന്നതിനും ചെറുക്കുന്നതിനും ആവശ്യമായ നടപടികൾ ഏർപ്പെടുത്തണമെന്നും ഇത്തരം വിഷയങ്ങൾ എല്ലാവർക്കും ഉത്തരവാദിത്വമുള്ള അധികാരികളെ അറിയിക്കാനുള്ള അവകാശമുണ്ടെന്നും സൗദി പബ്ളിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.