വത്തിക്കാൻ: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം ഞായറാഴ്ച വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ശനിയാഴ്ചയാണ് റോമിലെ സാന്താ മരിയ മജോരേ ബസിലിക്കയിൽ പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. പൗളിൻ ചാപ്പലിനും സ്‌ഫോർസ ചാപ്പൽ ഓഫ് ദ ബസിലിക്കയ്ക്കുമിടയിൽ ഒരുവശത്തായാണ് വെള്ളനിറത്തിലുള്ള ശവകുടീരത്തിന്റെ സ്ഥാനം. ഫ്രാൻസിസ് പാപ്പ ധരിച്ചിരുന്ന കുരിശ് കല്ലറയ്ക്കുമീതേയായി ഭിത്തിയിൽ സ്ഥാപിച്ചു.
ഏറ്റവും ലളിതമായ രീതിയിൽ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് പാപ്പ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു. കന്യാമറിയത്തിന്റെ ഭക്തനായതിനാലാണ് അഞ്ചാംനൂറ്റാണ്ടിൽ പണിത ഈ പള്ളി ഫ്രാൻസിസ് മാർപാപ്പ അന്ത്യവിശ്രമത്തിന് തിരഞ്ഞെടുത്തത്.
കുടീരത്തിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഫ്രാൻസിസ് എന്നതിന്റെ ലത്തീൻ പദമായ ‘ഫ്രാൻസിസ്‌കസ്’ എന്നെഴുതി.
ശനിയാഴ്ചത്തെ സംസ്കാരച്ചടങ്ങുകളിൽ 50 രാഷ്ട്രത്തലവന്മാരുൾപ്പെടെ 130 രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും വിവിധ രാജകുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.
വീക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജും പങ്കെടുത്തു.
പാപ്പയ്ക്ക് അന്ത്യാഞ്ജലിയേകാൻ നാലുലക്ഷത്തിലേറെപ്പേരെത്തിയെന്ന് വത്തിക്കാൻ അറിയിച്ചു. അടുത്ത പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 10-ന് ആരംഭിക്കുമെന്നാണ് സൂചന.