വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള മനുഷ്യരെയും പ്രകൃതിയെയും അളവറ്റു സ്‌നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്. പ്രാദേശിക സമയം എട്ടുമണിയോടെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര.
സംസ്‌കാരച്ചടങ്ങുകള്‍ക്ക് മുന്നോടിയായി സെയ്ന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനു ചുറ്റും ഡ്രോണുകളും സ്‌നൈപ്പറുകളും ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തി. സുരക്ഷാ സേനയും പോലീസും ചേര്‍ന്ന രണ്ടായിരത്തോളം പേരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ടൈബര്‍ നദിയില്‍ പട്രോളിങ്ങും നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 130 പ്രമുഖർ വത്തിക്കാനിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, കിരണ്‍ റിജിജു, ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വ ഡിസൂസ എന്നിവരും പങ്കെടുക്കുന്നുണ്ട്.