വത്തിക്കാൻ സിറ്റി: പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് മേയ് ഏഴിന് തുടക്കമാകുമെന്ന് വത്തിക്കാൻ. റോമിൽ വെച്ച് തിങ്കളാഴ്ച ചേർന്ന കർദ്ദിനാൾമാരുടെ അഞ്ചാമത് ജനറൽ കോൺഗ്രിഗേഷനിലാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുക. വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ വെച്ചാണ് കോൺക്ലേവ് നടക്കുക. ഈ ദിവസങ്ങളിൽ ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ആദ്യകാലത്ത് റോമിനടുത്തുള്ള മുതിര്‍ന്ന വൈദികര്‍ക്കായിരുന്നു മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അധികാരം. 1059-ല്‍ സമ്മതിദാനാവകാശം റോമാസഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കായി നിജപ്പെടുത്തി. 1179-ല്‍ എല്ലാ കര്‍ദ്ദിനാളന്മാരുടെയും വോട്ടിന്റെ മൂല്യം തുല്യമാക്കി. നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദ്ദിനാളന്മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ അവകാശം.
മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോയെന്നറിയിക്കുന്ന രീതി ഏറെ പ്രശസ്തമാണ്. ബാലറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷം, അവ സിസ്റ്റെയ്ൻ ചാപ്പലിലെ ഒരു പ്രത്യേക അടുപ്പില്‍ ചില പ്രത്യേക രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി കത്തിക്കും. ഈ അടുപ്പില്‍നിന്നുള്ള പുക സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍നിന്ന് കാണാവുന്ന ഒരു ചിമ്മിനിയില്‍ക്കൂടെ പുറത്തുവരുന്നു. തിരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ബാലറ്റുകള്‍ കത്തിക്കുമ്പോള്‍ അതില്‍ച്ചേര്‍ക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി കറുത്തപുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം വെളുത്തപുകയുമാകും ചിമ്മിനിയില്‍ക്കൂടെ പുറത്തുവരിക.