16 വയസ്സിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത്. കുട്ടികളെ ഓൺലൈനിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ കുട്ടികൾ സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിലും വിലക്കുകൾ ഏർപ്പെടുത്തുന്ന കാര്യം മന്ത്രിമാർ പരിഗണിക്കുന്നുണ്ട്.
യുകെയിൽ കഴിഞ്ഞാഴ്ച വാട്സാപ്പ് ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16-ൽ നിന്ന് 13 ആക്കിയതിന് മെറ്റ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ മാസം അവസാനത്തിനു മുമ്പ് തന്നെ പുതിയ നിർദ്ദേശങ്ങൾ പുറത്തു വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ടെക്നോളജി സെക്രട്ടറിയായ മിഷേൽ ഡൊണലനാണ് ഇവ തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പ്രായപരിധിയിലുള്ള കുട്ടികൾ എപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാം എന്നതിനുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങൾ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ കൺസൾട്ടേഷൻ തേടും. ഈ കൂടിക്കാഴ്ചയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള മാതാപിതാക്കളുടെ ആക്സസ് അനുവദിക്കുന്നതിനെപ്പറ്റിയും സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കും. ഓൺലൈനിൽ അക്രമാസക്തമായ ഉള്ളടക്കം കണ്ട് 15 വയസ്സുള്ള കുട്ടികളുടെ ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടമായ ബ്രയാന ഗെയുടെ അമ്മ, 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരങ്ങൾ നടത്തുന്നുണ്ട്. മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് പ്രസിഡൻറ് ആയ മുൻ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ സർ നിക്ക് ക്ലെഗിൻ വരും ദിവസങ്ങളിൽ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങളുമായി മുന്നോട്ടു വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.