ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കാന്‍ യു കെ സര്‍ക്കാര്‍ ഒരുമ്പെടുമ്പോള്‍ തിരിച്ചടിയാകുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ചട്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയതോടെ എച്ച് എസ് ബി സി, ഡെലോയ്റ്റ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങള്‍ യു കെയിലെ വിദേശ ബിരുദധാരികള്‍ക്ക് നല്‍കിയിരുന്ന തൊഴില്‍ ഓഫറുകള്‍ റദ്ദാക്കി എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള കുറഞ്ഞ വേതന പരിധി ഉയര്‍ത്തിയത്തും ഇതിനൊരു കാരണമായിട്ടുണ്ട്.
സ്‌കില്‍ഡ് വിസയില്‍ യു കെയില്‍ എത്തുന്നതിനുള്ള മിനിമം വേതനം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കി ഉയര്‍ത്തിയിരുന്നു. 26 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത്ത് 30960 പൗണ്ട് ആണ്. ഇതോടെയാണ് എച്ച് എസ് ബി സിയും ഡെലോയ്റ്റും ഉള്‍പ്പടെയുള്ളവര്‍ ഓഫര്‍ ലെറ്ററുകള്‍ പിന്‍വലിച്ചത്. നേരത്തെ കെ പി എം ജിയും സമാനമായ നടപടി സ്വീകരിച്ചിരുന്നു. പഠനം കഴിഞ്ഞാല്‍ അവിടെ തന്നെ ഒരു ജോലി നെടിയെടുക്കാം എന്നുള്ള പ്രതീക്ഷയാണ് കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു കെയില്‍ പഠനം നടത്തുന്നതിന് പ്രേരകമാകുന്നത്.
ആ പ്രതീക്ഷയില്‍ തന്നെയാണ് വലിയ തുകകള്‍ ചെലവഴിച്ച് അവര്‍ യുകെയിലേക്ക് പോകുന്നതും. എന്നാല്‍, ഇപ്പോള്‍ യു കെ സര്‍ക്കാര്‍ കര്‍ശന നില്ലപാട് സ്വീകരിച്ചതോടെ ആയിരക്കണക്കിന്! വിദ്യാര്‍ത്ഥികളുടെ മോഹങ്ങളാണ് കരിയുന്നത്. ലഭിച്ച ജോലി ഓഫറുകള്‍ റദ്ദായതോടെ പലരും നാട്ടിലേക്ക് മടങ്ങേണ്ടുന്ന സാഹചര്യത്തിലാണ്. ഡിജിറ്റല്‍- ഇന്നോവേഷന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെയാണ് എച്ച് എസ് ബി സിയുടെ പിന്മാറ്റം പ്രധാനമായും ബാധിക്കുക.
കഴിഞ്ഞ വര്‍ഷം 2,700 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കിയ ഡെലോയ്റ്റ്, ഇത്തവണ വിദേശ വിദ്യാര്‍ത്ഥിക്കള്‍ക്ക് നല്‍കിയ ഓഫറുകളില്‍ 35 ശതമാനത്തോളം ഓഫറുകളും പിന്‍വലിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ചില തസ്തികകളില്‍ സ്പോണ്‍സര്‍ഷിപ്പിന് പുതിയ മാനദണ്ഡങ്ങള്ള് തടസ്സമാകുന്നു എന്നാണ് ഡെലോയ്റ്റ് പറയുന്നത്. കെ. പി, എം ജി കഴിഞ്ഞ മാസം തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഓഫറുകള്‍ റദ്ദാക്കിയിരുന്നു.
കൂനിന്മേല്‍ കുരു എന്നതുപോലെ ഗ്രജ്വേറ്റ് വിസ പ്രോഗ്രാം നിര്‍ത്തലാക്കുന്നതിന് കുടിയേറ്റ ഉപദേശക സമിതി ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ബിരുദ പഠനത്തിനായി പോകുന്നവര്‍ക്ക്, പഠനം കഴിഞ്ഞാല്‍ രണ്ടു വര്‍ഷം കൂടി ബ്രിട്ടനില്‍ താമസിക്കുന്നതിനും തൊഴിലില്‍ ഏര്‍പ്പെടുന്നതിനും സൗകര്യം നല്‍കുന്നതായിരുന്നു ഈ പദ്ധതി. ഇത് നിര്‍ത്തലാക്കിയാല്‍, പിന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയായാല്‍ ഉടന്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടതായി വരും.