ബ്രിട്ടനിൽ ചേക്കേറാനുള്ള ഇന്ത്യാക്കാരുടെ മോഹവും പൊലിയുന്നു. UK കുടിയേറ്റ നിയമത്തില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. ഹെല്‍ത്ത് കെയറർ വിസയില്‍ എത്തുന്നവര്‍ക്ക് ഇനി ആശ്രിത വിസ ലഭിക്കില്ല. ഏപ്രില്‍ മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇതോടെ നഴ്‌സിങ് ഹോമുകളില്‍ കെയറര്‍ വിസയില്‍ എത്തുന്നവര്‍ക്ക് പങ്കാളികളേയോ മക്കളേയോ യു.കെയിലേക്ക് ഒപ്പം കൂട്ടാൻ ആകാത്ത അസ്ഥയാകും.
ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്‌സ് പഠിക്കുന്നവരൊഴികെയുള്ള വിദേശവിദ്യാര്‍ഥികള്‍ക്ക് ആശ്രിതവിസയില്‍ കുടുംബാംഗങ്ങളെ യു.കെ.യിലേക്ക് കൊണ്ടുവരാന്‍ ഇനിമുതല്‍ അനുമതി ഇല്ല. ഹോം സെക്രട്ടറി ജെയിംസ് ക്ലവര്‍ലി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമഭേദഗതിയിലാണ് പ്രഖ്യപനം. കെയറര്‍ വിസകളുടെ ദുരുപയോഗം തടയുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ക്ലവര്‍ലി അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ കനത്ത വർദ്ധനയാണ് കുടിയേറ്റത്തിലുണ്ടായത്. 2022ൽ മാത്രം 7,45,000പേരാണ് യുകെയിലേയ്‌ക്ക് കുടിയേറിയത്. ഇതിനാലാണ് തിരഞ്ഞെടുപ്പ് വർഷത്തിന് മുമ്പ് സർക്കാരിന്റെ ശക്തമായ നടപടി. പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ഒരുവർഷം കൊണ്ട് കുടിയേറ്റത്തിൽ 3,00,000പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഈ വർഷം മാത്രം 75,717 ആശ്രിത വിസകളാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം അനുവദിച്ചതിന്റെ ഇരട്ടിയിലധികമാണ് ഇത്. ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിലുള്ള ജോലികൾക്ക് ത്രഷ്‌ഹോൾഡ് തുകയിൽ അനുവദിച്ചിരുന്ന 20 ശതമാനം ഇളവും ഇനിമുതൽ ഇല്ലാതാകും. ആശ്രിത വിസകള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ട കുറഞ്ഞ ശമ്പളം 18,600 പൗണ്ടില്‍നിന്ന് 38, 700 പൗണ്ടായി ഉയര്‍ത്തി.
പോയിന്റ് ബെസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ സ്‌കില്‍ഡ് വിസയ്ക്ക് വേണ്ടിയിരുന്ന അടിസ്ഥാനശമ്പളം 26,200 പൗണ്ടില്‍ നിന്ന് ശതമാനം വര്‍ധിപ്പിച്ച് 38,700 പൗണ്ടാക്കി ഉയര്‍ത്തി. യു.കെയിലേക്ക് കുടിയേറാന്‍ കാത്തിരിക്കുന്ന നൂറ് കണക്കിന് മലയാളികള്‍ക്കാണ് നിയന്ത്രണം തിരിച്ചടിയാവുക