ലണ്ടന്‍: ലക്ഷങ്ങള്‍ മുടക്കി യുകെയിലെത്തി കെയര്‍ഹോം ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ്. ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇവര്‍ക്ക് തിരിച്ചടിയായത്. 20 ലക്ഷം രൂപ വരെ നല്‍കിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുകെയില്‍ എത്തിയത്. എന്നാല്‍ ചട്ടലംഘനങ്ങളും ക്രമക്കേടുകളും നടത്തിയതിന്റെ പേരില്‍ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ഇതോടെ ജീവനക്കാര്‍ രാജ്യം വിടേണ്ട ഗതികേടിലായി. റിക്രൂട്ട്‌മെന്റ് ഏജന്റിന് 18,000 പൗണ്ട് വരെ നല്‍കിയാണ് പലരും കെയര്‍ വിസ സംഘടിപ്പിച്ച് യുകെയില്‍ എത്തിയത്. ഇത്തരത്തില്‍ യുകെയില്‍ എത്തിച്ചേര്‍ന്ന പലര്‍ക്കും ഇവിടെ എത്തിയപ്പോള്‍ നേരത്തെ പറഞ്ഞിരുന്ന താമസസൗകര്യമോ ശമ്പളമോ നല്‍കിയില്ലെന്നുള്ള പരാതികള്‍ പലരും ഹോം ഓഫീസില്‍ അറിയിച്ചിരുന്നു.
വിസ സ്‌പോണ്‍സര്‍ ചെയ്ത കമ്പനികളുടെ ലൈസന്‍സ് ഹോം ഓഫീസ് റദ്ദാക്കിയതാണ് കെയര്‍ വിസയില്‍ വന്നവര്‍ക്ക് കുരുക്കായത്. പലരോടും 60 ദിവസത്തിനുള്ളില്‍ ഒരു സ്‌പോണ്‍സറെ കണ്ടെത്തണമെന്നും അല്ലെങ്കില്‍ രാജ്യം വിടണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രശ്‌നത്തില്‍ അകപ്പെട്ടവരില്‍ പലരും 300 ലധികം തൊഴില്‍ ഉടമകളെ ബന്ധപ്പെട്ടിട്ടും ജോലി ലഭിച്ചില്ലെന്ന ദയനീയ കഥയാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയിരിക്കുന്നത്. കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ പലരും മറ്റ് പല മേഖലകളിലെയും ജോലി ഉപേക്ഷിച്ചാണ് യുകെയില്‍ എത്തിയത്. ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ് ആയി ജോലി നോക്കിയിരുന്ന ഒരു യുവാവിന്റെ കഥ ദി ഗാര്‍ഡിയന്‍ പത്രത്തില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസവും ഒബ്‌സര്‍വറും നടത്തിയ അന്വേഷണത്തില്‍ 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ 2022ലും 2023ലും ഹോം ഓഫീസ് റദ്ദാക്കിയതായതാണ് കണ്ടെത്തിയിരിക്കുന്നത് .