സ്ത്രീകളും പുരുഷന്മാരും ഒരേ ശുചിമുറി ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് ലണ്ടന്‍ നഗരം നയം മാറ്റുന്നു. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ ലേഡീസ്, ജെന്റ്‌സ് ടോയിലെറ്റുകള്‍ വെവ്വേറെ നിര്‍മിക്കണം. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം ഏതു ടോയിലെറ്റില്‍ പോകണമെന്ന് പ്രഖ്യാപനമായിട്ടില്ല. റസ്റ്ററന്റ്, ഷോപ്പിങ് കോംപ്ലക്‌സ്, കോഫി ഷോപ്പ്, ഷോപ്പിങ് തുടങ്ങി ജനങ്ങള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം വെവ്വേറെ ടോയിലെറ്റുകള്‍ നിര്‍മിക്കണം. ഇപ്പോള്‍ പൊടുന്നനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം പകര്‍ച്ച വ്യാധികളാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പുതിയതായി നിര്‍മ്മിക്കുന്ന നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 2021 – ലാണ് ഈ പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലെത്തിയത്. അന്നുമുതല്‍ ഈ നിര്‍ദ്ദേശം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതുതരം ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ പറ്റും എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് .
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവായി ഉപയോഗിക്കുന്ന ടോയ്ലറ്റുകളില്‍ പോകാന്‍ ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പല സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.നേരെത്തെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട രോഗികളെ വാര്‍ഡുകളില്‍ താമസിപ്പിക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ എന്‍എച്ച്എസ് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ഇനി മുതല്‍ സിംഗിള്‍ സെക്‌സ് ഫീമെയില്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുകയില്ല. ബയോളജിക്കല്‍ സെക്‌സിന്റെ പ്രാധാന്യം ഊന്നി പറയുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.